കോഴിക്കോട്: കെ.പി.സി.സിയുടെ ഫലസ്തീൻ റാലി ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കും. റാലിയില്‍ ശശി തരൂര്‍ എം.പി പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാനും എം.പിയുമായ എം.കെ.രാഘവൻ അറിയിച്ചു. അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ റാലിയില്‍ തരൂര്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തരൂര്‍ പങ്കെടുക്കാതിരിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് പാര്‍ട്ടി നിര്‍ദേശം.
നേരത്തെ ഡിസിസി പുറത്ത് വിട്ട വാര്‍ത്ത കുറിപ്പില്‍ തരൂരിെൻറ പേര് ഉണ്ടായിരുന്നില്ല. ലീഗിന്റെ റാലിയില്‍ ശശിതരൂര്‍ ഹമാസിനെതിരെ നടത്തിയ പരാമര്‍ശം വിവാദമുണ്ടാക്കിയിരുന്നു. നവ കേരള സദസ്സിന്റെ പേര് പറഞ്ഞ്, ബീച്ചില്‍ കോണ്‍ഗ്രസ് റാലി നടത്താൻ കലക്ടര്‍ ആദ്യം അനുമതി നിഷേധിച്ചതും വിവാദമായിരുന്നു. പിന്നീട് കലക്ടറുടെ അനുമതി ലഭിച്ചു.
വൈകീട്ട് നാലിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് അധ്യക്ഷൻ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയാകും.