കണ്ണൂര്‍: നവ കേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ തെരുവോരത്ത് പൊരിവെയിലില്‍ നിര്‍ത്തിയതില്‍ പ്രതിഷേധം. തലശേരി ചെമ്പാട് എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥികളെ റോഡില്‍ നിര്‍ത്തിയതിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നല്കി.
മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ കടന്നുപോകവെ പൊരിവെയിലത്ത് നിന്ന് മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രധാന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. ബാലാവകാശ നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണ് നടന്നതെന്ന് എംഎസ്എഫ് കുറ്റപ്പെടുത്തുന്നു. ഹെഡ്മാസ്റ്റര്‍ക്കും മറ്റ് സ്കൂള്‍ സ്റ്റാഫിനുമെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.
സർക്കാറിന്റെ നവ കേരള സദസ് പരിപാടിക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെയും എംഎസ്എഫ് രംഗത്തെത്തി. ക്ലാസ് മുടക്കി വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് എംഎസ്എഫ് അറിയിച്ചു. ഇത് സംബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി മണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകി.
വിഷയത്തില്‍ കെ.എസ്.യു സംസ്ഥാന നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്. എ സി ബസ്സിൽ ഈസി ചെയറിൽ സുഖിച്ചിരുന്ന് പിഞ്ചുകുട്ടികളെ പൊരിവെയിലത്ത് റോഡിൽ നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഈ നവ കേരള സദസ്സ് യാത്രയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നതെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ചോദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു