തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ കേസില്‍ അഭി വിക്രം, ഫെന്നി നൈനാന്, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം. നാളെ വീണ്ടും കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് തിരുവനന്തപുരം സിജെഎം കോടതി പ്രതികൾക്ക് ജാമ്യം നൽകിയത്. തുറന്ന കോടതിയിൽ കേസ് കേൾക്കുന്നതിനു വേണ്ടിയാണ് ജാമ്യം നൽകിയത്.
കേസിൽ മുന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ഫെനി, ബിനിൽ ബിനു എന്നിവരാണ് അറസ്റ്റിലായത്. അഭി വിക്രമിനെ പത്തനംതിട്ടയിൽ നിന്നും ഫെനി, ബിനിൽ ബിനു എന്നിവരെ തിരുവനന്തപുരത്ത് നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാല് പേരും ഒരുമിച്ച് ഇരുന്നാണ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം അടൂരില്‍ അഭി വിക്രമിന്റെയും ബിനില്‍ ബിനുവിന്റെയും വീട്ടില്‍ നടത്തിയ പോലീസ് പരിശോധനയില്‍ ലാപ് ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും ഒട്ടേറെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
അഭിയുടെ മൊബൈലിൽ നിന്നും ബിനിലിന്റെ ലാപ്ടോപ്പിൽ നിന്നും 24 വ്യാജ തിരിച്ചറിയൽ കാർഡുകളാണ് കണ്ടെടുത്തത്. കൂടാതെ ഫോട്ടോഷോപ്പ് വഴി വികാസ് കൃഷ്ണൻ വ്യാജ കാർഡുകളുണ്ടാക്കിയെന്നും പൊലീസ് കണ്ടെത്തി. ഇവ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച ശേഷമാണ് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇവർ നാലുപേരും പരസ്പരം വ്യാജ കാർഡുകൾ കൈമാറിയെന്നും പൊലീസ് കണ്ടെത്തി.
ക്രമക്കേടില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം. പുതുതായി തെരഞ്ഞെടുത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവില്‍ അറസ്റ്റിലായവര്‍. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസ് നോട്ടീസ് നല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു