കണ്ണൂര്‍: പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ 4 ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. അമൽ ബാബു, ജിതിൻ, അനുവിന്ദ്, റമീസ് എന്നിവരാണ് അറസ്റ്റിലായത്.
നേരത്തേ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കിതിരെ കേസ് എടുത്തിരുന്നു. ഈ 4 ഡി.വൈ.എഫ്.ഐ പ്രവർത്തകരും പഴയങ്ങാടി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അതിന് ശേഷം ഇവരെ കോടതിയയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടിയ അക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കല്യാശ്ശേരി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. രാഹുലിന്റെ പരാതിയിലാണ് കേസ്.
നവകേരള സദസിന്റെ ഭാഗമായി എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ 30 പേര്‍ക്കെതിരേ പഴയങ്ങാടി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കരിങ്കൊടി കാണിച്ച ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസുണ്ട്.
അക്രമത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് വെള്ളച്ചാല്‍ (30), മഹിത മോഹന്‍ (35), കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി.പി. രാഹുല്‍ (30), കെ.എസ്.യു. ബ്ലോക്ക് സെക്രട്ടറി സഞ്ജു സന്തോഷ് (19), മിഥുന് കുളപ്പുറം (33), മാടായി കോളേജ് ചെയര്മാന് സായി ശരണ്‍ (20) എന്നിവര്‍ക്കെതിരെയാണ് കരിങ്കൊടി കാണിച്ചതിന് കേസെടുത്തത്.
കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത പിണറായി വിജയന് ക്രിമിനല്‍ മനസുള്ളയാള്‍ മാത്രമല്ല, ക്രിമിനല്‍ കൂടിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഇറങ്ങിപ്പോകാന്‍ മടിയാണെങ്കില്‍ കേരള ജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം ആലുവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കലാപഹ്വാനം നടത്തിയ മുഖ്യമന്ത്രി ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം. അതിന് മടിയുണ്ടെങ്കില്‍ ജനങ്ങളോട് പൊതുമാപ്പ് പറയണം. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി. നികൃഷ്ട മനസാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു കൂട്ടം കുട്ടികളെ ഹെല്‍മറ്റും ഇരുമ്പ് വടിയും ചെടിച്ചട്ടിയും പൊലീസിന്റെ വയര്‍ലെസ് സെറ്റ് വച്ചും ഇടിച്ചിട്ട് എത്ര ഉളുപ്പില്ലാതെയാണ് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു