മുംബൈ: ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞു. ഇഷാൻ കിഷനും ജിതേഷ് ശർമയുമാണ് വിക്കറ്റ് കീപ്പർമാർ.
ആദ്യ മൂന്ന് മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്വാദ് ഉപനായകനാവും. അവസാന രണ്ട് മത്സരങ്ങളിൽ ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.
ഡിസംബര്‍ മൂന്നിന് ബെംഗളൂരുവില്‍ അവസാനിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിവിഎസ് ലക്ഷ്മണായിരിക്കും ടീമിന്റെ മുഖ്യ പരിശീലകന്. ആദ്യ മത്സരം വ്യാഴാഴ്ച വിശാഖപട്ടണത്ത് നടക്കും. ഞായറാഴ്ച തിരുവനന്തപുരത്താണ് രണ്ടാം മത്സരം.
അഹമ്മദാബാദില്‍ ഇന്ന് ചേര്‍ന്ന സെലക്ടര്‍മാരുടെ യോഗത്തില്‍ ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ചര്‍ച്ചയായതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനും വിശ്രമം ആവശ്യമാണെന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് സൂര്യകുമാര്‍ യാദവിന് നറുക്ക് വീണത്.
ഇന്ത്യ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു