തിരുവനന്തപുരം :ആണ്-പെണ് വ്യത്യാസമില്ലാതെ വീടുകളില്‍ സമഭാവന വളര്‍ത്തുന്നതിന് അച്ഛനും അമ്മയും ശ്രദ്ധിക്കണമെന്ന് വനിത കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. അണ്ടൂര്‍ക്കോണം പഞ്ചായത്ത് ഹാളില്‍ ജാഗ്രത സമിതി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മിഷന് അധ്യക്ഷ. കേരള സമൂഹത്തെ സ്ത്രീ സൗഹൃദ, ശിശു സൗഹൃദ, വയോജന സൗഹൃദ, ഭിന്നശേഷി സൗഹൃദമാക്കാന്‍ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വനിത കമ്മിഷന് അധ്യക്ഷ പറഞ്ഞു.
അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മാജിതാ ബീവി, ജില്ലാ പഞ്ചായത്തംഗം ഉനൈസാ അന്‍സാരി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മണി മധു, കെ. സോമന്, അഡ്വ.എ.ആര്. റഫീക്ക്, സബ് ഇന്‍സ്പെക്ടര്‍ ജെ. സന്തോഷ് കുമാര്‍, വനിത കമ്മിഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെറ്റി ജെ ട്രീസ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വൈ.എസ്. ഷെറീന, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ എ. അനു എന്നിവര്‍ സംസാരിച്ചു. കേരള മഹിളാ സമഖ്യ സൊസൈറ്റി അസോസിയേറ്റ് ഡയറക്ടറും റിസോഴ്സ് പേഴ്സണുമായ എല്‍. രമാദേവി ക്ലാസ് നയിച്ചു.