തിരുവനന്തപുരം: ഡിജിറ്റല്‍ വാണിജ്യത്തിനായുള്ള ഓപ്പണ്‍ നെറ്റ് വര്‍ക്കിന് (ഓഎന്‍ഡിസി) അനന്തസാധ്യതകളാണുള്ളതെന്ന് ഹഡില്‍ ഗ്ലോബല്‍ സെമിനാര്‍. അതിനാവശ്യമായ സാങ്കേതികവിദ്യകളില്‍ രാജ്യം ശക്തമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് അടിമലത്തുറയില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു വിദഗ്ദ്ധര്‍.
ഡിജിറ്റല്‍ വാണിജ്യമേഖലയില്‍ വെല്ലുവിളികള്‍ നേരിടുന്നതില്‍ രാജ്യം മാതൃകയാണെന്ന് ഓഎന്‍ഡിസിയുടെ സിഇഒ ടി. കോശി പറഞ്ഞു. ലോകത്തെവിടെ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ എവിടെയും ലഭ്യമാക്കുന്ന സംവിധാനം ഈ മേഖലയിലെ കുത്തകളുണ്ടാകാന്‍ അനുവദിക്കുന്നില്ല. ഓരോന്നും തമ്മില്‍ മത്സരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്ര സംരംഭകരാണ് ഈ മേഖലയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നതെന്നും കോശി പറഞ്ഞു.
നിയമനങ്ങള്‍ക്കടക്കം ഓഎന്‍ഡിസി ഉപയോഗപ്പെടുത്താവുന്നതാണെന്ന് സെല്ലര്‍ ആപ്പ് സ്ഥാപകന്‍ ദിലീപ് വാമനന് പറഞ്ഞു. പുതിയ മേഖലകളാണ് ഓഎന്‍ഡിസി തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മനസിലാക്കാനും നെറ്റ് വര്‍ക്ക് വഴി കഴിയുമെന്ന് പ്ളേസ്ഓര്‍ഡര്‍ ഡോട് കോം സഹ സ്ഥാപകന്‍ തോംസണ്‍ സ്കറിയ അഭിപ്രായപ്പെട്ടു. ഒരേ സമയം നിരവധി ഇടപാടുകാര്‍ക്ക് സേവനം നല്‍കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണികണ്ട്രോള് ഡോട് കോമിലെ ചന്ദ്ര ആര് ശ്രീകാന്ത് മോഡറേറ്ററായിരുന്നു.
ആഗോളതലത്തിലുള്ള മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ഇടപാടുകാരനെ മുന്നില്‍ക്കണ്ട് തീരുമാനങ്ങളെടുക്കുകയും ചെയ്യാനുള്ള കഴിവ് പുതു സംരംഭകര്‍ക്ക് വിജയത്തിന് അനിവാര്യമാണെന്ന് ഐബിഎസ് ചെയര്മാന് വി കെ മാത്യൂസ് പറഞ്ഞു. ജനങ്ങളുടെ മനോഭാവവും സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും തുടക്കകാലത്ത് വെല്ലുവിളികളായിരുന്നുവെന്നും കേരളത്തില്‍ നിന്ന് ആഗോളതലത്തിലേക്കെന്ന സെമിനാറില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. സംരംഭകന്റെ മനസ് വേണം, രംഗത്തുള്ള മറ്റുള്ളവരെയും വളരാനനുവദിക്കണമെന്നും വി കെ മാത്യൂസ് അഭിപ്രായപ്പെട്ടു.
വ്യവസായം തുടങ്ങാന്‍ കേരളത്തെപ്പോലെ പറ്റിയ മണ്ണ് വെറെയില്ലെന്ന് ഡെന്റ്കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ് അഭീപ്രായപ്പെട്ടു. ആറു ജീവനക്കാരുമായി തുടങ്ങിയ തന്റെ സ്ഥാപനത്തില്‍ നാലായിരത്തില്‍പ്പരം പേരാണിപ്പോഴുള്ളത്. രാജ്യത്തിനു പുറത്തു നിരവധി യൂണിറ്റുകളും നടത്തുന്നുണ്ട്. രണ്ടുല്‍പ്പന്നങ്ങളുമായി തുടങ്ങിയ സ്ഥാപനത്തിന് ഇപ്പോള്‍ 450ല്‍പ്പരം ഉല്‍പ്പന്നങ്ങളുണ്ട്. സ്വപ്നങ്ങളാണ് സംരംഭകനെ വളര്‍ത്തേണ്ടതെന്നും കുര്യാക്കോസ് പറഞ്ഞു. കെ പി എം ജി അസോസിയേറ്റ് പാര്‍ട്ണര്‍ ആനന്ദ് ശര്‍മ്മ മോഡറേറ്ററായിരുന്നു.