കൊച്ചി: യൂത്ത് കോൺഗ്രസ് വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന പരാതിയിൽ ഏത് അന്വേഷണവും നടക്കട്ടെയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നെന്ന കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. പരാതി ആർക്കും കൊടുക്കാം. തിരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനുമുള്ളതാണെന്നാണ് കെ. സുരേന്ദ്രന്റെ ധാരണ. വിഷയം തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി എടുത്തത് സ്വാഗതംചെയ്യുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇങ്ങനെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ കണ്ടിട്ടില്ലാത്ത ഡി.വൈ.എഫ്.ഐയൊക്കെ ഇതൊക്കെയൊന്ന് മനസ്സിലാക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം വിഷയങ്ങൾ വരുമ്പോഴാണ് ഡി.വൈ.എഫ്.ഐയുടെ പേര് പറഞ്ഞുകേൾക്കുന്നത്. നാട്ടിൽ ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ഡിവൈഎഫ്ഐയുടെ പേര് കേൾക്കാറില്ല. അവർക്ക് പേരുവരാൻ ആകെ കിട്ടുന്ന ഇത്തരം അവസരത്തിൽ അവർ ചർച്ചയാക്കട്ടെയെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യമായി ആരോപണം ഉന്നയിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനാണ്. ആരാണ് ബി.ജെ.പിയുടെ അധ്യക്ഷനെന്ന് ഞാൻതന്നെ മറന്നു പോയിരുന്നു. സുരേന്ദ്രനുമായി ബന്ധപ്പെട്ട വാർത്തകൾ വന്ന് കുറേ കാലമായി. വാർത്തയിൽ വരാൻ യൂത്ത് കോൺഗ്രസ് കാരണമായിട്ടുണ്ടെങ്കിൽ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും രാഹുൽ പരിഹസിച്ചു.
നാളിത് വരെ വ്യാജ ആരോപണമല്ലാതെ ഒന്നും കെ.സുരേന്ദ്രൻ ഉയർത്തിയിട്ടില്ല. ചാണ്ടി ഉമ്മന്‍ തമിഴ്നാട്ടിൽ വസ്തുവുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞിട്ട് ചാണ്ടി ഉമ്മൻ അത് വിറ്റ് കുറച്ച് പൈസ ഉണ്ടാക്കാൻ തമിഴ്നാട് മുഴുവൻ ഓടി നടന്നു. ആ വസ്തു ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരുവഞ്ചൂരിന്റെ മകന് കുപ്പിവെള്ള കമ്പനിയുണ്ടെന്ന് പറഞ്ഞിട്ട് അത് ഇതുവരെ കണ്ടെത്തി തന്നിട്ടില്ല. പിന്നെ സുരേന്ദ്രൻ പറയുന്നത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഓർമകളാണ്, എതിർ സ്ഥാനാർഥിക്ക് കാശ് കൊടുക്കുക അതുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കുക. തെരഞ്ഞെടുപ്പ് എന്ന് വെച്ചാൽ ഒന്ന് തോൽക്കാനും പിന്നെ അട്ടിമറിക്കാനും ആണെന്ന് വിചാരമുണ്ട്. അതുകൊണ്ട് സുരേന്ദ്രന്റെ ആരോപണത്തെ അങ്ങനെയെ കാണുന്നുള്ളുവെന്നും രാഹുൽ പറഞ്ഞു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേസമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം വിശദീകരണം നല്കാന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
വിഷയം ഗൗരവമായാണ് കാണുന്നത്. സംഭവം അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു