കൊൽക്കത്ത: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ പാറ്റ് കമ്മിൻസും സംഘവും മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചു.
20 വർഷത്തിന് ശേഷമാണ് ഓസ്ട്രേലിയയും ഇന്ത്യയും ഫൈനലിൽ നേർക്കുനേർ വരുന്നത്. 2003 ൽ ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു അന്ന് ഇന്ത്യയുടെ വിധി. സൗരവ് ഗാംഗുലിയും സച്ചിൻ ടെൻഡുൽക്കറും കളം നിറഞ്ഞുകളിച്ചെങ്കിലും തോറ്റ് മടങ്ങേണ്ടി വന്നു ഇന്ത്യയ്ക്ക്. ഇപ്പോഴിതാ സ്വന്തം മണ്ണിൽ കണക്ക് തീർക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ ഇന്ത്യയ്ക്ക്.
ഈ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരമാണ് ഇന്ന് നടന്നത്. അഞ്ച് സെമി ഫൈനലുകളിലും ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് സംഘം 47.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസ് ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയിരുന്നു. 1999, 2007 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്ന ഓസീസ് ഇത്തവണയും അതാവര്‍ത്തിച്ചു.
ബാറ്റർമാരുടെ പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഓസ്ട്രേലിയൻ ബൗളന്മാർക്ക് മികച്ച സ്വിംഗ് ആനുകൂല്യം ലഭിച്ചു. ഈ സ്വിംഗിനെ അതിജീവിക്കാൻ ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാർക്ക് സാധിച്ചില്ല. നാല് വിക്കറ്റുകൾ അവർക്ക് തുടക്കത്തിൽ നഷ്ടമായി. ഡേവിഡ് മില്ലറുടേയും ഹെൻറിയുടേയും ഗംഭീര പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ ടോട്ടൽ നൽകിയത്. ആസ്ട്രേലിയൻ പേസ് ആക്രമണത്തിനുമുന്നിൽ ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റർമാരെല്ലാം പതറി വീണ വേദിയിൽ സെഞ്ച്വറി പ്രകടനവുമായി മില്ലർ(101) അപൂർവകാഴ്ചയായി.
മറുപടി ബാറ്റിംഗിൽ ട്രാവിസ് ഹെഡും ഡേവിഡ് വാർണറുമാണ് ഓസ്ട്രേലിയയുടെ ചെയ്സിന് അടിത്തറയിട്ടത്. ട്രാവിസ് ഹെഡ് അർധ സെഞ്ചുറി നേടിയാണ് പുറത്തായത്. 18 പന്തിൽ നാല് സിക്സറും ഒരു ഫോറും പറത്തി 29 റൺസുമായി വാർണർ മടങ്ങി.
പിന്നാലെ വന്ന വഴിയേ മിച്ച് മാർഷും ഡക്കായി മടങ്ങി. തുടർന്ന് സ്റ്റീവ് സ്മിത്തുമായി ട്രാവിസ് ഹെഡ് ഇന്നിങ്സ് നയിച്ചു. ബാവുമ സ്പിന്നർമാരെ ഇറക്കിയതോടെ ഇന്നിങ്സ് വേഗം കുറഞ്ഞെങ്കിലും മറുവശത്ത് ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തി ലക്ഷ്യം അകലാതെ കാത്തത് ട്രാവിസ് ഹെഡായിരുന്നു. എന്നാൽ, കേശവ് മഹാരാജിന്റെ മനോഹരമായൊരു സ്പിന്നിൽ ഹെഡിന്റെ കോട്ട തകർന്നു. ബൗൾഡായി മടങ്ങുമ്പോൾ 48 പന്ത് നേരിട്ട് രണ്ട് സിക്സറും ഒൻപത് ബൗണ്ടറിയും സഹിതം 62 റൺസെടുത്തിരുന്നു ഹെഡ്.
പരിക്ക് മറന്ന് ഇരട്ട സെഞ്ച്വറിയിലൂടെ ക്രിക്കറ്റ് മാസ്മരികത തീർത്ത ഗ്ലെൻ മാക്സ്വെല്ലിനെ(ഒന്ന്) നിലയുറപ്പിക്കാൻ അനുവദിക്കാതെ തബ്രീസ് ഷംസി ബൗൾഡാക്കി ദക്ഷിണാഫ്രിക്കൻ ക്യാംപിൽ പ്രതീക്ഷ തിരിച്ചുകൊണ്ടുവന്നെങ്കിലും സ്റ്റീവ് സ്മിത്തും(30) ജോഷ് ഇംഗ്ലിസും(28) ചേർന്ന് ടീമിനെ വിജയതീരം വരെ എത്തിച്ചാണു മടങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു