തൃശൂർ : ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ) യുടെ പുതിയ റീജിയണല്‍ സൗകര്യം കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്ക് ‘കണിക്കൊന്ന’ കെട്ടിടത്തില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഐ.സി.ടി.എ.കെ സി.ഇ.ഒ മുരളീധരന്‍ മണ്ണിങ്ങല്‍ സ്വാഗതവും ഐ.സി.ടി.എ.കെ സൊല്യൂഷന്‍സ് ആന്‍ഡ് റിസര്‍ച്ച് മേധാവി ഡോ. ശ്രീകാന്ത് ഡി നന്ദിയും പറഞ്ഞു.
ഐ.സി.ടി.എ.കെ മുന്‍ സി.ഇ.ഒ സന്തോഷ് കുറുപ്പ് നേതൃത്വം നല്‍കിയ പാനല്‍ സെഷനില്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍, കുസാറ്റിലെ ഐ.ടി സ്‌കൂള്‍ ഓഫ് എന്‍ജിനീയര്‍ ഡോ. ദലീഷ എം. വിശ്വനാഥന്‍, ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഐ.എസ്.എല്‍ കൊച്ചി ലാബ്, ഡാറ്റ ആന്‍ഡ് എഐ പ്രോഗ്രാം ഡയറക്ടര്‍ മാധുരി ഡി.എം. എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ നിലവിലെ വ്യവസായത്തിന്റെ പ്രവണതകളെയും അവസരങ്ങളെയും കുറിച്ചുള്ള അവലോകനം നടത്തുകയും ചെയ്തു. ഐ.സി.ടി.എ.കെ, നോളജ് ഓഫീസ് മേധാവി റിജി എന്‍. ദാസിന്റെ നേതൃത്വത്തില്‍ ഇന്റേണ്‍ഷിപ്പ് ഓറിയന്റേഷന്‍ സെഷനും നടന്നു. അഭിലഷണീയരായ പ്രൊഫഷണലുകള്‍ക്ക് വിദ്യാഭ്യാസവും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് നികത്താന്‍ ആവശ്യമായ വിവരങ്ങളുടെ വിശദാംശങ്ങള്‍ ഈ സെഷനില്‍ നല്‍കി.