മുംബൈ: ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് കിങ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി. 106 പന്തുകളിലാണ് താരം അമ്പതാം സെഞ്ചുറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സറും അടങ്ങുന്ന ഇന്നിങ്സോടെയാണ് കോഹ്ലി അമ്പതാം സെഞ്ചുറിയിലെത്തിയത്. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്.
290-ാം ഏകദിനത്തിലാണ് കോഹ്ലി തന്റെ അമ്പതാം ശതകം കണ്ടെത്തിയത്. 463 മത്സരങ്ങളിൽ നിന്നായിരുന്നു സച്ചിന്റെ നേട്ടം. രോഹിത് ശർമ്മ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് കൂടുതൽ സെഞ്ച്വറി നേടിയ മറ്റു താരങ്ങൾ.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. 2003ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നേടിയ 673 റൺസിന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. മാത്യു ഹെയ്ഡൻ (659), രോഹിത് ശർമ്മ (648) എന്നിവരാണ് കൂടുതൽ റൺസ് നേടിയ മറ്റു താരങ്ങൾ. 2007ലെ ലോകകപ്പിലായിരുന്നു ഹെയ്ഡന്റെ പ്രകടനം. 2019ൽ രോഹിത് ശർമ്മയും.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അമ്പതിൽ കൂടുതൽ റൺസ് നേടുന്ന താരവും കോലിയായി മാറി. ഏഴ് അർധസെഞ്ച്വറി നേടിയ സച്ചിനെയും ഷക്കീബുൽ ഹസനെയുമാണ് താരം മറികടന്നത്. ഏറ്റവും കൂടുതൽ ഏകദിന അന്താരാഷ്ട്ര റൺസ് നേടുന്ന മൂന്നാമത്തെ താരവും കോഹ്ലിയായി മാറി. റിക്കി പോണ്ടിങ്ങിനെയാണ് മുൻ ഇന്ത്യൻ നായകൻ മറികടന്നത്. 14234 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയും 18426 റൺസ് നേടിയ സച്ചിനും മാത്രമാണ് ഇനി കോഹ്ലിക്ക് മുമ്പിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു