ഈ വർഷം ഏപ്രിൽ മാസത്തിലാണ് ഞാൻ കേരളത്തിലെ ഹൗസ്ബോട്ടുകളിലെ അഗ്നിബാധ സാധ്യതകളെ പറ്റി എഴുതിയത്.
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് ബോട്ടുകളിൽ പാചകം ചെയ്യുന്നത്. എളുപ്പത്തിൽ തീ പിടിക്കാവുന്ന വസ്തുക്കൾ കൊണ്ടാണ് ബോട്ട് ഉണ്ടാക്കിയിരിക്കുന്നത്. അഗ്നിബാധ ഉണ്ടായാൽ അത് അണക്കാൻ ഉള്ള സംവിധാനങ്ങൾ ഇല്ല, കുറെ ബോട്ടുകൾ അടുത്തടുത്ത് കിടക്കുന്പോൾ ഒന്നിൽ അഗ്നിബാധ ഉണ്ടായാൽ അത് മറ്റുള്ളതിലേക്ക് പകരും.
ബോട്ടിലെ പാചകക്കാരനോ സ്രാങ്കിനോ അഗ്നിസുരക്ഷയിലോ ജല സുരക്ഷയിലോ യാതൊരു പരിശീലനവും നിർബന്ധമില്ല. ഒരു കായലിന്റെ നടുക്ക് വച്ച് ഒരപകടം ഉണ്ടായാൽ അവിടെ എത്തി തീ അണക്കാനുള്ള സംവിധാനങ്ങളോ തയ്യാറെടുപ്പുകളോ ഇല്ല, കായൽ ഭംഗി ആസ്വദിച്ച് ഹൗസ്‌ബോട്ടിൽ എത്തുന്നവർക്ക് യാതൊരു സുരക്ഷാ നിർദ്ദേശങ്ങളും നൽകുന്നില്ല. ഒരു അപകടം ഉണ്ടാകാൻ ഇതിനപ്പുറം എന്തൊക്കെ സാദ്ധ്യതകൾ വേണം?
ബോട്ടുകളുടെ എണ്ണം കൂടുംതോറും അപകട സാധ്യത അത്രയും വർധിക്കും. അതുകൊണ്ട് തന്നെ ഒരു ബോട്ടപകടം എന്നുണ്ടായി എന്ന് ചോദിച്ചാൽ മതി. ഇതാണ് ഞാൻ അന്ന് പറഞ്ഞത്.
അതിന് ശേഷം കേരളത്തിലെ ഹൌസ് ബോട്ടുകളിൽ എന്തെങ്കിലുമൊക്കെ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായോ എന്നറിയില്ല. പൊതുവെ അപകടം ഉണ്ടായാൽ മാത്രമേ അടുത്ത രണ്ടാഴ്ചത്തേക്ക് എന്തെങ്കിലും അനക്കം ഉണ്ടാകൂ. പിന്നെയും സുരക്ഷ കോക്കനട്ടിൽ തന്നെയാണ് !
ഇന്നിപ്പോൾ ദാൽ തടാകത്തിൽ ഹൌസ് ബോട്ട് അപകടത്തിൻറെ വാർത്ത വരുന്നു. കേരളത്തിലേതിനേക്കാൾ പഴക്കമുണ്ട് ദാൽ തടാകത്തിലെ ഹൗസ്‌ബോട്ട് സംവിധാനങ്ങൾക്ക്, സുരക്ഷ ഏറെ വ്യത്യസ്തമാകാൻ വഴിയില്ല.
ഇതൊക്കെ നമുക്ക് ഒരു മുന്നറിയിപ്പായി എടുത്താൽ കുറച്ചു മരണങ്ങൾ ഇവിടെ ഒഴിവാക്കാൻ പറ്റും. അത് വരെ ഹൌസ് ബോട്ടിൽ പോകുന്നവർ സ്വന്തം ജീവിതം സ്വയം നോക്കിക്കൊള്ളുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു