ന്യൂഡല്‍ഹി: വയനാട് പുൽപ്പള്ളി സര്‍വീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസില്‍ 4.34 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.കെ. അബ്രാഹാം ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അബ്രഹാമിനെ കൂടാതെ മുന്‍ സെക്രട്ടറിയുടേയും മറ്റ് ബോര്‍ഡ് അംഗങ്ങളുടേയും സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെകെ എബ്രഹാമിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട്ടെ ഇ.ഡി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം ഇഡി കസ്റ്റഡിയിലായിരുന്നു കെകെ എബ്രഹാം. കസ്റ്റഡി അവസാനിച്ച നവംബർ 10 ന് കെകെ എബ്രഹാമിനെ പിഎംഎല്‍.എ കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്റ് നീട്ടുകയായിരുന്നു.
കേസിൽ മറ്റൊരു പ്രതിയായ സജീവൻ കൊല്ലപ്പള്ളിയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. യുഡിഎഫ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്കിൽ വായ്പ ഇടപാടില്‍ 8.64 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കേസ്. ഈ കേസില്‍ പൊലീസ് നേരത്തെ കെ കെ എബ്രഹാമിനെയും ബാങ്ക് സെക്രട്ടറിയേയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് ഇഡി കെ കെ എബ്രഹാമിനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തത്.
പുൽപ്പള്ളി സര്‍വീസ് സഹകരണബാങ്കിന്റെ മുന്‍ഭരണസമിതിയുടെ കാലത്ത് കോടികളുടെ വായ്പത്തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. മുമ്പ് സഹകരണവകുപ്പും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ എട്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു