കണ്ണൂര്‍: തലശ്ശേരി പുന്നോല്‍ പെട്ടിപ്പാലത്ത് കാല്‍നടയാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ചതിനെ തുടര്‍ന്ന് ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു. പന്ന്യന്നൂര്‍ മനയക്കര കൈരളി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന പുതിയ വീട്ടില്‍ കെ. ജീജിത്ത് (45) ആണ് മരിച്ചത്.
തലശേരി പുന്നോൽ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം. വടകര – തലശ്ശേരി റൂട്ടിൽ ഓടുന്ന ‘ഭഗവതി’ ബസാണ് അപകടത്തിൽപ്പെട്ടത്. വടകര ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കു വരികയായിരുന്ന ബസ്, പെട്ടിപ്പാലം പഴയ കള്ളുഷാപ്പിനു സമീപത്തുവച്ച് റോഡിൽകൂടി നടന്നുപോകുകയായിരുന്ന മുനീർ എന്നയാളെ ഇടിച്ചു.
അപകടത്തിന് പിന്നാലെ കോളനിലുള്ള ആളുകള്‍ ബസ് തടയുകയും കണ്ടക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് ഡ്രൈവര്‍ ഇറങ്ങിയോടിയത്. റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനാണ് ജീജിത്തിനെ ഇടിച്ചത്.
ബസിടിച്ച പരിക്കേറ്റ മുനീര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു