റിയാദ്: ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അവിടേക്ക് സഹായമെത്തിക്കാൻ സംവിധാനമൊരുക്കണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഗസ്സ വിഷയത്തിൽ റിയാദിൽ നടക്കുന്ന അടിയന്തിര ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്ന് ഫലസ്തീൻ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ഉച്ചകോടിയിൽ വിമർശിച്ചു. വെസ്റ്റ് ബാങ്കിൽ തീവ്രവാദികളായ അധിനിവേശക്കാർ ഫലസ്തീനികളെ വെടിവെച്ചു കൊല്ലുകയാണെന്നും പൊതുജനം ഇരട്ടത്താപ്പ് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലും അവരെ പിന്തുണച്ചവരും ഈ കൂട്ടക്കൊലക്ക് ഉത്തരവാദികളാണെന്നും ഫലസ്തീനിൽ ഇസ്രയേലിന്റെ സൈനിക സുരക്ഷാ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അബ്ബാസ് വ്യക്തമാക്കി. ഫലസ്തീനിൽ അഭയാർഥികളായവരുടെ പ്രശ്‌നങ്ങൾ ലോകം ഏറ്റെടുക്കണമെന്നും ഗസ്സയുടെ പുനർനിർമാണത്തിന് ഫലസ്തീനെ സഹായിക്കണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു.
ഇതൊരു ചരിത്ര ഘട്ടമാണെന്നും ഗസ്സ വിഷയത്തിൽ എല്ലാവരും ഉത്തരവാദിത്തം കാണിക്കണമെന്നും രാഷ്ട്രീയ പരിഹാരങ്ങൾ സമഗ്രമായിരിക്കണമെന്നും മഹ്മൂദ് അബ്ബാസ് ഓർമിപ്പിച്ചു. ഗസ്സ ഫലസ്തീന്റെ അഭിവാജ്യ ഘടകമാണെന്നും പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ രാഷ്ട്രീയ പരിഹാരം ഇല്ലാത്തതിൽ യുഎസിനും പങ്കുണ്ടെന്ന് മഹ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി. യുഎൻ സുരക്ഷാ കൗൺസിലിൽ ഫലസ്തീന് സമ്പൂർണ അംഗത്വം നൽകണമെന്ന് ഫലസ്തീൻ പ്രസിഡണ്ട് ആവശ്യപ്പെട്ടു. ജറുസലേമും ഫലസ്തീന്റെ മുഴുവൻ ഭാഗങ്ങളിലും പൊതു തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു