കൊറിയൻ പോപ്പുലർ മ്യൂസിക് (കെ-പോപ്പ് ) രംഗത്തെ പ്രശസ്ത ഗായിക നാഹീ (24) നെ മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം അജ്ഞാതമാണെന്നാണ് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഹീയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽവഴിയാണ് മരണവിവരം പുറത്തുവന്നത്.
നഹീയുടെ ശവസംസ്കാരം ജിയോങ്ഗി-ഡോയിലെ പ്യോങ്ടേക്കിലുള്ള സെൻട്രൽ ഫ്യൂണറൽ ഹാളിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ, നാഹീ തന്റെ ഇലക്ട്രോണിക് പോപ്പ് ട്രാക്ക് ‘റോസ്’ പുറത്തിറക്കിയിരുന്നു. 2019-ൽ ‘ബ്ലൂ സിറ്റി’ എന്ന സിംഗിളിലൂടെയാണ് സ്വതന്ത്ര കലാകാരിയായി നാഹീ അരങ്ങേറ്റം കുറിച്ചത്. മുഖ്യധാരാ വിജയം നേടിയ ശേഷം, ഗായിക പിന്നീട് 2020-ൽ മ്യൂസിക് ഏജൻസിയായ മുൻ ഹ്വാ ഇൻ എന്ന സ്ഥാപനവുമായി കരാറിലെത്തി. പിന്നീട് അവർ ‘ബ്ലൂ നൈറ്റ്’, ‘ലവ് നോട്ട്!’, ‘സിറ്റി ഡ്രൈവ്’ തുടങ്ങിയ ഗാനങ്ങൾ പുറത്തിറക്കി.
സമീപകാലത്ത് ഒട്ടേറെ കെ-പോപ്പ് താരങ്ങളാണ് കൊറിയയിൽ വിടവാങ്ങിയത്. 2023 എപ്രിലില്‍ ഗായകന് മൂണ്‍ബിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണവും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. 2023 മേയിൽ കെ-പോപ്പ് ഗായിക ഹേസൂവിനെ (29) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹേസൂ ആത്മഹത്യ ചെയ്തതാണെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും അന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു