അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. അഫ്ഗാന് ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ റാസി വാന്‍ ഡെര്‍ ഡ്യൂസനാണ് ടീമിന്റെ വിജയശില്‍പ്പി.
ഈ തോല്‍വിയോടെ അഫ്ഗാനിസ്താന് ലോകകപ്പില്‍ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്കയുടെ ഏഴാം വിജയമാണിത്. ടീം നേരത്തേതന്നെ സെമിഫൈനലിലെത്തിയിരുന്നു. അഞ്ചാം തോല്‍വിയുമായി അഫ്ഗാന് നാട്ടിലേക്ക് മടങ്ങി. നാല് മത്സരങ്ങളില്‍ വിജയം നേടാന്‍ ടീമിന് സാധിച്ചു.
അഹ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി അഫ്ഗാൻ നായകൻ ഹഷ്മതുല്ല ഷാഹിദി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പക്ഷെ ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനു മുൻപിൽ പാളുന്ന കാഴ്ചയാണു കണ്ടത്. ഇടവേളകളിൽ മുൻനിര ബാറ്റർമാരെല്ലാം കൂടാരം കയറിക്കൊണ്ടിരുന്നു. ഒടുവിൽ അസ്മതുല്ല ഒമർസായിയുടെ ഒറ്റയാൾ പോരാട്ടമാണ് അഫ്ഗാനെ പൊരുതിനോക്കാവുന്ന സ്കോറിലെത്തിച്ചത്.
97 റൺസുമായി പുറത്താകാതെ നിന്നു അസ്മതുല്ല. 107 പന്ത് നേരിട്ട് മൂന്ന് സിക്സറും ഏഴ് ഫോറും സഹിതമായിരുന്നു താരത്തിന്റെ അവിസ്മരണീയ പോരാട്ടം. ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ നാലു വിക്കറ്റുമായി ജെറാൾഡ് കൂറ്റ്സിയാണു തിളങ്ങിയത്. ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ബാവുമ 23 റൺസിനു പുറത്തായെങ്കിലും ക്വിന്റൻ ഡി കോക്കും റസി വാൻ ഡർ ഡസ്സനും ചേർന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചു. ഡി കോക്ക് 41 റൺസുമായി പുറത്തായ ശേഷം ഇടവേളകളിൽ മൂന്ന് വിക്കറ്റ് വീണെങ്കിലും ഡസ്സൻ ഉത്തരവാദിത്തം വെടിപ്പായി പൂർത്തിയാക്കി. 95 പന്ത് നേരിട്ട് ആറ് ഫോറും ഒരു സിക്സറും ഉൾപ്പെടെ 76 റൺസുമായി താരം പുറത്താകാതെ നിന്നു.
അഫ്ഗാനുവേണ്ടി റാഷിദ് ഖാന്, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുജീബുര്‍ റഹ്മാന് ഒരു വിക്കറ്റ് വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു