പത്തനംതിട്ട: ദത്തെടുത്ത പ്രായപൂർത്തിയാകാത്ത തമിഴ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63 കാരനായ വളർത്തച്ഛന് 109 വർഷം കഠിനതടവ്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ ആണ് പ്രതിക്കു കഠിനശിക്ഷ വിധിച്ചത്.
109 വർഷം കഠിനതടവും 6,25,000 പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും രണ്ടു മാസവും കൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു.
2021 മാർച്ച് 26നും 2022 മേയ് 30നുമിടയിലുള്ള കാലയളവിലാണു പ്രതിയുടെ വീട്ടിൽവച്ചു പീഡനം നടന്നത്. ഒരുവർഷത്തോളം പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു. മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുട്ടിയും സഹോദരങ്ങളും വല്യമ്മയ്ക്കൊപ്പം കടത്തിണ്ണയിലാണു കഴിഞ്ഞിരുന്നത്. തുടർന്നാണു പ്രതിയും കുടുംബവും പെൺകുട്ടിയെ ദത്തെടുത്തത്.
അത്യന്തം ദുരിതപൂർണമായ ജീവിതത്തിനിടെ കുട്ടി നേരിട്ട ദുരനുഭവങ്ങൾ ബോധ്യപ്പെട്ട കോടതി ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ബാലനീതി നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു