തിരുവനന്തപുരം : കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ എൽ.ഡി.എഫ് ദേശീയ, സംസ്ഥാന തലത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹിയിൽ നടക്കുന്ന സമരപരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ജനുവരിയിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ അറിയിച്ചു.
മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എ.മാര്‍, ഇടതുപക്ഷ എം.പി.മാര്‍, ഇടതുപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരെല്ലാം ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇ.പി. അറിയിച്ചു. കൂടാതെ സംസ്ഥാനതലത്തില്‍ കണ്‍വന്‍ഷനുകളും നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള നവകേരള സദസ്സിനിടെയായിരിക്കും കണ്വന്ഷന് നടത്തുക. ജില്ലകള്‍ തോറും സെമിനാര്‍ ഉള്‍പ്പെടെയുള്ള പരിപാടികളും നടത്തും. ഇടതുമുന്നണി പ്രവര്‍ത്തകരല്ലാത്തവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും ജയരാജന് അറിയിച്ചു.
കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്, അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നില്ല,. ഇതിനെതിരെയാണ് കൺവെൻഷൻ. പുതിയ ട്രെയിനുകൾ, പഴയ കോച്ചുകൾ മാറ്റി പുതിയവ സ്ഥാപിക്കൽ, റബറിന് ന്യായമായ വില നൽകുക , തുടങ്ങിയ കാര്യങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജൻ അറിയിച്ചു.
കേന്ദ്ര അവഗണനയ്ക്കെതിരായ സമരത്തിൽ ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെടും. ഇത്തരം സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കും. കേരള ധനമന്ത്രി ഈ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടുത്തെ സ്ഥിതി വിലയിരുത്തുമെന്നും ഇ.പി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു