ബംഗളൂരു: പാകിസ്ഥാന്റേയും അഫ്ഗാനിസ്ഥാന്റേയും ഏകദിന ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ത്ത് ന്യൂസിലന്‍ഡ്. ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്തോടെ കിവീസ് ആദ്യ നാലിലെ അവസാനക്കാരാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ലങ്കയെത തകര്‍ത്തത്.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡിവോൺ കോൺവേയും (45), രചിൻ രവീന്ദ്രയും (42), ഡരിൽ മിച്ചൽ (43) എന്നിവരാണ് ന്യൂസിലൻഡിനായി തിളങ്ങിയത്. നായകൻ കെയ്ൻ വില്യംസണെ (14) മാത്യൂസ് ബൗൾഡാക്കുകയായിരുന്നു. മാർക്ക് ചാംപ്മാന് (7) ഓട്ടത്തിടയിൽ വിക്കറ്റ് നഷ്ടപ്പെടുത്തി. ഗ്ലെൻ ഫിലിപ്സും (17) ടോം ലാതമും (2) ന്യൂസിലൻ നിരയിൽ ഔട്ടാവാതെ നിന്നു.
വെടിക്കെട്ട് അർദ്ധ സെഞ്ച്വറി നേടി കുശാൽ പെരേര മുന്നിൽ നിന്നിട്ടും ന്യൂസിലൻഡിനെതിരെ ശ്രീലങ്ക 171 റൺസിന് പുറത്തായി. 22 പന്തിൽ രണ്ട് സിക്സറുകളും ഒമ്പത് ഫോറുകളും സഹിതം ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്. എന്നാൽ പിന്നീട് ഇരു ടീമുകൾക്കും സെമിയിൽ പ്രവേശിക്കാൻ ഏറെ നിർണായകമായ മത്സരത്തിൽ ന്യൂസിലൻഡ് മേൽക്കൈ നേടുകയായിരുന്നു.
28 പന്തിൽ 51 റൺസെടുത്താണ് കുശാൽ പെരേര പുറത്തായത്. ശ്രീലങ്കൻ നിരയിൽ മറ്റാർക്കും കാര്യമായി സ്കോർ ചെയ്യാനായില്ല. ബോൾട്ട് 3 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഫെർഗൂസൻ, മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ട് വീതവും വീഴ്ത്തി. സൗത്തി ഒരു വിക്കറ്റും നേടി.
ജയത്തോടെ ന്യൂസിലന്‍ഡ് നാലാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. ഇന്ത്യ – കിവീസ് സെമി ഫൈനിലാണ് സാധ്യത. പാകിസ്ഥാനും അഫ്ഗാനും അവരുടെ അവസാന മത്സരത്തില്‍ അവിശ്വസനീയമായ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ കിവീസിനെ മറികടക്കാനാവൂ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു