കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്. ജയിലിൽ അടിയുണ്ടാക്കിയതിന്റെ പേരിലാണ് ജയിൽമാറ്റം. ഇന്നു രാവിലെയാണ് മലപ്പുറത്തെ തവനൂർ ജയിലിലേക്ക് സുനിയെ മാറ്റി പാർപ്പിച്ചത്.
ഉത്തരമേഖല ജയിൽ ഡിഐജിയുടെ കീഴിലാണ് തവനൂർ ജയിൽ. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള നീക്കമെന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഘർഷത്തിൽ കൊടി സുനി ജയിൽ അധികൃതരെ അക്രമിച്ചിരുന്നു. കൊടി സുനിയും സംഘവും ചേർന്ന് ജയിൽ ഉദ്യോഗസ്ഥനായ അർജുനനെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയും തടയാൻ ചെന്ന ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. നിരവധി ജയിൽ ഉപകരണങ്ങൾ തകർക്കുകയും ചെയ്തു. രണ്ടുസംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലിൽ സുനിക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിൽ സുനിയടക്കം പത്തു തടവുകാരുടെ പേരില്‍ വിയ്യൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയില്‍ ജീവനക്കാരെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് വിയ്യൂര്‍ പോലീസ് കേസെടുത്തത്.
കൊടി സുനി അഞ്ചാം പ്രതിയാണ്. കൊടിസുനിയുടെ സുഹൃത്ത് രഞ്ജിത്താണ് ഒന്നാം പ്രതി. സാജു, മിബുരാജ്, അരുണ്‍, താജുദ്ദീന്, ചിഞ്ചു മാത്യു, ജറോം, ഷഫീഖ്, ജോമോന് എന്നിരാണ് മറ്റു പ്രതികള്‍. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു