ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഒക്ടോബർ എഴു മുതൽ ഇതുവരെ 10,022 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 4,104 പേർ കുട്ടികളും 2,641 പേർ സ്ത്രീകളുമാണ്. 25,408 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിൽ ഇതുവരെ 152 പേരാണ് കൊല്ലപ്പെട്ടത്.
ഗസ്സയിലെ മാനസികാരോഗ്യ കേന്ദ്രത്തിന് നേരെയും ഇസ്രായേൽ ആക്രമണം നടത്തി. പരിക്കേറ്റവരെ കൊണ്ടുപോകാൻ സുരക്ഷിത പാതയൊരുക്കുമെന്ന ഇസ്രായേൽ വാദം കപടമാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു. പരിക്കേറ്റവരെ കൊണ്ടുപോകാൻ കഴിയുന്നില്ല. ആംബുലൻസുകൾ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.
ഹമാസ് ബന്ദികളാക്കിയ 240 ഇസ്രായേലികളുടെ മോചനത്തെക്കുറിച്ച് പറയുന്നവർക്ക് ഇസ്രായേൽ ബന്ദിയാക്കിയ 20 ലക്ഷം ജനങ്ങൾ പ്രശനമല്ലേയെന്ന് ഫലസ്തീൻ വിദേശകാര്യ വക്താവ് ചോദിച്ചു. അതിനിടെ ഗസ്സയിൽനിന്ന് ഫലസ്തീനികളെ വെസ്റ്റ് ബാങ്കിലേക്കോ മറ്റോ പുറംതള്ളാനുള്ള നീക്കം യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്ന് ജോർദാൻ വ്യക്തമാക്കി. വെടിനിർത്തലിന് വേണ്ടി പരിശ്രമിക്കുമെന്ന് മൂന്നു ദിവസം മുമ്പ് പറഞ്ഞ അമേരിക്ക പ്രയോഗത്തിൽ വംശീയ ഉന്മൂലനത്തെ പിന്തുണയ്ക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.