ഗസ്സ: ഗസ്സയിലെ അൽശിഫ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം. ആശുപത്രിക്ക് മുകളിലാണ് ഇസ്രായേൽ ബോംബിട്ടത്. ഗസ്സയിലെ മാനസികാരോഗ്യ കേന്ദ്രത്തിന് നേരെയും ഇസ്രായേൽ ആക്രമണം നടത്തി.
വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് അൽശിഫ ആശുപത്രി. ഇവിടെ ഇന്ധനം തീർന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള നിരവധി ആശുപത്രികൾക്ക് സമീപം ഇസ്രായേൽ കനത്ത ഷെല്ലാക്രമണം തുടരുകയാണ് . “ഒരു മണിക്കൂറിലേറെയായി, ആശുപത്രികൾക്ക് ചുറ്റും തീവ്രമായ ബോംബാക്രമണം നടക്കുന്നു,” ഹമാസ് സർക്കാരിന്റെ മീഡിയ ഓഫീസ് മേധാവി സലാമ മറൂഫ് പറഞ്ഞു.
പരിക്കേറ്റവരെ കൊണ്ടുപോകാൻ സുരക്ഷിത പാതയൊരുക്കുമെന്ന ഇസ്രായേൽ വാദം കപടമാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു. പരിക്കേറ്റവരെ കൊണ്ടുപോകാൻ കഴിയുന്നില്ല. ആംബുലൻസുകൾ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.
ഞായറാഴ്ച ഗാസ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രിക്ക് സമീപം ഇസ്രായേൽ ആക്രമണത്തിൽ 14 പേർക്ക് പരിക്കേൽക്കുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഒക്ടോബർ എഴു മുതൽ ഇതുവരെ 10,022 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 4,104 പേർ കുട്ടികളും 2,641 പേർ സ്ത്രീകളുമാണ്. 25,408 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിൽ 152 പേരാണ് കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു