തിരുവനന്തപുരം: രാഷ്ട്രീയ തിരക്കുകൾക്കിടയിലും പുസ്തകങ്ങളുടെ വിശാലമായ ലോകത്തേക്ക് എത്തിപ്പെടാൻ ശ്രമിക്കുന്ന ഒരാളാണ് താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള നിയമസഭാ പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച കെ.എൽ.ഐ.ബി.എഫ് ഡയലോഗ്സിൽ ‘വായനയിലെ ഉന്മാദങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.ഇ. സുധീർ ആതിഥേയത്വം വഹിച്ച സെഷനിൽ തന്നെ സ്വാധീനിച്ച പുസ്തകങ്ങളെപ്പറ്റിയും അവ നൽകിയ അനുഭവങ്ങളെപ്പറ്റിയും വി.ഡി. സതീശൻ വാചാലനായി. നമ്മൾ കാണാത്ത സ്ഥലങ്ങൾ പരിചയപ്പെടുത്തുകയും മനുഷ്യന്റെ മുറിവുകൾ, മനുഷ്യാവസ്ഥകൾ, പ്രകൃതി എന്നിവയെ നമ്മളിലേക്ക് എത്തിക്കുകയും ചെയ്യുന്നത് പുസ്തകങ്ങളാണ്. എഴുത്തുകാർ നിർമ്മിക്കുന്ന ഭാവനാ പ്രപഞ്ചത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുകയാണ്. പുസ്തകങ്ങൾ വായിക്കുക എന്ന ദൃഢനിശ്ചയവും സമയ നിയന്ത്രണവും കാരണമാണ് രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും താൻ ഒട്ടനേകം പുസ്തകങ്ങൾ വായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ഞുനാളിൽ അമ്മയുടെ മടിയിൽ കിടന്ന് കഥകൾ കേൾക്കുന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. രാമായണത്തിലെ മര്യാദാ പുരുഷോത്തമനായ രാമൻ പൂർണ്ണ ഗർഭിണിയായ തന്റെ ഭാര്യയെ പ്രജകൾക്കുവേണ്ടി കാട്ടിലേക്ക് ഉപേക്ഷിച്ചത് കുട്ടിക്കാലത്ത് ചോദ്യം ചെയ്തിരുന്നു. പതിനായിരക്കണക്കിന് ആളുകൾ ശരിക്കെതിരെ നിന്നാലും ഒരിക്കലും ഒരു തെറ്റ് ചെയ്യരുത് എന്നത് രാമായണത്തിലെ ആ ഭാഗത്തിലൂടെയാണ് താൻ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് തീരെ ഇഷ്ടപ്പെടാത്തതും മനസ്സിലാകാത്തതുമായ വിഷയം സാമ്പത്തികശാസ്ത്രം ആയിരുന്നുവെന്നും അത് പഠിക്കാൻ തന്നെ പ്രേരിപ്പിച്ചത് ഡോ. തോമസ് ഐസക്ക് ആയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സാമ്പത്തികശാസ്ത്രം പഠിച്ചതിനുശേഷം അദ്ദേഹത്തിന്റെ കൗശലങ്ങൾ പഠിച്ചു. പിന്നീട് നിയമസഭയിൽ അദ്ദേഹവുമായി നിരന്തരം വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. വായിക്കുന്ന പുസ്തകങ്ങളെപ്പറ്റി പിന്നീട് അദ്ദേഹവുമായി സംവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മരിയ റീസയുടെ ‘ഹൗ ടു സ്റ്റാൻഡ് അപ്പ് ടു എ ഡിക്റ്റേറ്റർ’ എന്ന പുസ്തകത്തിൽ ട്രംപ്, മോദി തുടങ്ങിയവർ എങ്ങനെയാണ് മനുഷ്യരെ സ്വാധീനിച്ചത് എന്ന് എഴുതിയിട്ടുണ്ട്. അതിൽ വായിച്ച പുസ്തകങ്ങളിലെ ഭീതി തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. പണ്ടുകാലങ്ങളിൽ നടന്ന വംശഹത്യയാണ് മണിപ്പൂരിൽ നടന്നത്. മനുഷ്യർ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തേക്കാം, എന്നുകരുതി സ്വാതന്ത്ര്യം നിഷേധിക്കപ്പെടാൻ പാടില്ല. ഇപ്പോഴുള്ളത് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഒരു കെട്ടകാലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു