തിരുവനന്തപുരം: തമിഴ്, മലയാള സാഹിത്യത്തിലെ പരസ്പര സ്വാധീനം ചർച്ച ചെയ്ത് കെ.എൽ.ഐ.ബി.എഫ് ടോക്. ‘തമിഴ് ആൻഡ് മലയാളം ഫിക്ഷൻ: ബേഡ്സ് ഓഫ് എ ഫെതർ’ എന്ന വിഷയത്തിൽ തമിഴ് സാഹിത്യകാരൻ മാലൻ നാരായണനും മലയാള കഥാകൃത്തായ കെ.പി. രാമനുണ്ണിയും അഭിപ്രായങ്ങൾ പങ്കുവച്ചു.
തമിഴ്, മലയാള സാഹിത്യങ്ങൾക്കുള്ളത് ഒരേ ഭൂതകാലമാണെന്ന് തമിഴ് സാഹിത്യകാരൻ മാലൻ നാരായണൻ പറഞ്ഞു. ഇന്ത്യ രാഷ്ട്രീയപരമായോ ഭൂമിശാസ്ത്രപരമായോ ഒന്നുമല്ല ഒന്നിച്ചു നിൽക്കുന്നതെന്നും സംസ്കാരത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ. ചന്തു മേനോന്റെ ഇന്ദുലേഖയുടേയും സുബ്രഹ്മണ്യ ഭാരതിയുടെ ആറിലൊരു പങ്കിന്റേയും കഥാതന്തു ഒന്നാണെന്ന് മാലൻ നാരായണൻ പറഞ്ഞു. സി.വി. രാമന്റെ മാർത്താണ്ഡവർമ്മ ഇന്ത്യയിലെ തന്നെ ചരിത്ര നോവലായി ആദ്യം പുറത്തിറങ്ങിയപ്പോൾ ചോള രാജാക്കന്മാരെക്കുറിച്ച് തമിഴിൽ വി.വി. എസ് അയ്യർ ഒരു കഥ എഴുതുകയുണ്ടായി. ഒരേ വിഷയത്തിൽ അധികരിച്ചുള്ള നിരവധി കഥാസൃഷ്ടികളാണ് മലയാളത്തിലും തമിഴിലും ഒരേസമയം ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ മാത്രമാണ് നിയമസഭയിൽ ഇത്തരത്തിലൊരു പുസ്തകോത്സവം കാണാൻ കഴിഞ്ഞതെന്നും മാലൻ നാരായണൻ പറഞ്ഞു.
തമിഴുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഭാഷയാണ് മലയാളമെന്ന് കെ.പി. രാമനുണ്ണി പറഞ്ഞു. എന്നാൽ തമിഴ് സമൂഹം ഇപ്പോഴും നിലനിർത്തിക്കൊണ്ടുപ്പോകുന്ന മാതൃഭാഷയോടുള്ള സ്നേഹം മലയാളികൾ ഇപ്പോൾ പിന്തുടരുന്നില്ല എന്നത് യാഥാർത്ഥ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂഖണ്ഡങ്ങൾ പിന്നിട്ടു പോയാലും തമിഴ് വംശജർ തങ്ങളുടെ ഭാഷയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. എന്നാൽ ആ ആർജവം ഭൂരിപക്ഷം മലയാളികൾക്കും ഉണ്ടാകാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു