ജല സംരക്ഷണമെന്ന കേരളീയത്തിന്റെ കേന്ദ്ര പ്രമേഹത്തെ മുൻ നിർത്തി 44 നദികളേയും ആ തീരദേശങ്ങൾ നിർമ്മിച്ചെടുത്ത സംസ്കൃതിയേയും ഹൃദ്യമായ ദൃശ്യഭാഷയിലൂടെ അവതരിപ്പിച്ച മലയാളപുഴ പ്രേക്ഷകർക്ക് മറക്കാനാകാത്ത കാഴ്ചാനുഭവമായി മാറി. പരിസ്ഥിതി പ്രശ്നങ്ങളിലും പതറാതെ ഒഴുകുന്ന മലയാളത്തിലെ പുഴയമ്മമാർക്ക് സമർപ്പിച്ചു.
ഈ ദൃശ്യ വിരുന്നിൽ അമ്മയായും സഹോദരിയായും പ്രണയിനിയാലും പുഴകൾ പറയുന്ന ആത്മഗതങ്ങളിലൂടെയും നദീദൃശ്യങ്ങളിലൂടെയും ഓരോ നദിയുടെയും ഉത്ഭവത്തെയും ആ നദീ തീരങ്ങളുടെ കലാസംസ്കൃതിയും വേറിട്ട ശൈലിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.കേരളീയ സംസ്കാരത്തെ നിർമ്മിച്ചെടുത്തതിനെ കുറിച്ചും തീരങ്ങളിലെ ഓർക്കപ്പെടേണ്ട പ്രതിഭാശാലികളേയും മലയാളപുഴ അടയാളപ്പെടുത്തി.
ഗോത്ര അനുഷ്ടാന നാടോടി ക്ലാസിക്കൽ കലാരൂപങ്ങളിൽ ശ്രദ്ധേയരായ 150 ഓളം കലാപ്രതിഭകളാണ് 28 ഓളം കലാരൂപങ്ങളുടെ മർമ്മ പ്രധാനമായ ആവിഷ്കാരവുമായി നിശാഗന്ധിയിൽ നിറഞ്ഞ സദസ്സിന് മുന്നിലെത്തിയത്. മൾട്ടിമീഡിയ ദൃശ്യ സാദ്ധ്യതകൾ നവ ശൈലിയിൽ ഉപയോഗപ്പെടുത്തിയ പുഴകളും ഭൂപ്രദേശങ്ങളും കലകളുടെ പെയിന്റിങ്ങുകളും ഡിജിറ്റൽ സാധ്യതകളോടെ വേദിയിലെ കലാവതരണങ്ങൾക്ക് മിഴിവേകി.
14 ജില്ലകളുടെയും വാമൊഴികളെ ഉപയോഗപ്പെടുത്തിയുള്ള സമകാലീന നൃത്താവിഷ്കാരങ്ങൾ ദൃശ്യ വിരുന്നിന് ചടുലതയേകി. പ്രേക്ഷകർ ഒരേ മനസ്സോടെ സ്വീകരിച്ച “മലയാളപ്പുഴ”യുടെ രൂപകൽപ്പനയും സംവിധാനവും നിർവ്വഹിച്ചത് നാടക ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരാണ്. ഭാഗ്യലക്ഷ്മി, മോചിത, ഷാൽമ, അമ്പൂട്ടി, എന്നിവർ ശബ്ദ സാന്നിധ്യവും കലാമണ്ഡലം, മാർഗി, വയനാട്ടിലെ ആദിവാസികൾ, കണ്ണൂരിലെ തെയ്യാട്ട സംഘം തുടങ്ങി വിവിധ ജില്ലകളിലെ തനത് ശാസ്ത്രീയ കലാരംഗത്തെ ശ്രദ്ധേയരും റോബിൻ സേവ്യർ, സുനിൽ കുടവട്ടൂർ, ശ്രീകാന്ത് ക്യാമിയോ,ആശിഷ്, അനിൽ ആരഭി, ടെന്നിസൺ തുടങ്ങിയ സാങ്കേതിക പ്രവർത്തകരും മലയാളപ്പുഴയുടെ അണിയറയിൽ പ്രവർത്തിച്ചു.
Read also:‘പകുതി ആകാശം സ്ത്രീകളുടേത്’ രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യം വിഷയമാക്കി പാനൽ ചർച്ച നടത്തി
വയലാർ മുതൽ പുതു തലമുറയിൽ ഉള്ളവരുടെ ഗാനരചനാംശങ്ങളും വിഖ്യാത സംഗീതജ്ഞരുടെ ഈണവും നദികളുടെ സാമീപ്യം പോലെ മലയപ്പുഴയിൽ സമന്വയിപ്പിച്ചത് പ്രേക്ഷക മനസ്സുകളിലേക്ക് ഒഴുകിപ്പടരാൻ വഴി തെളിച്ചു.കേരളത്തിലെ 14 ജില്ലകളിലെയും ഇതര സംസ്ഥാനങ്ങളിലേക്കും മലയാളപ്പുഴ എത്തിക്കുവാനുള്ള വലിയ ഊർജ്ജമാണ് നിശാഗന്ധിയിൽ തിങ്ങി നിറഞ്ഞ പ്രേക്ഷകരിൽ നിന്നും ലഭിച്ചതെന്നും ഭാരത് ഭവൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു