വീണ്ടും ഇതാ ആ സമയം കടന്നു വന്നിരിക്കുകയാണ്… ലോകസഞ്ചാരികള്‍ ആകാംക്ഷയോടെയും അതിലേറെ അക്ഷമയോടെയും കാത്തിരുന്ന പുഷ്കര്‍ ഒട്ടകമേളയ്ക്ക് ഇനി വെറും ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ.
ഒട്ടകങ്ങളുടെ മറ്റൊരു ലോകം തന്നെ കാണിച്ചു തരുന്ന പുഷ്കര്‍ ഒട്ടക മേള ഒരു നാടിന്റെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളും സന്ദര്‍ശകരും ഒത്തുചേരുന്ന നിമിഷങ്ങളാണ്.
പല വര്‍ണ്ണങ്ങളിലുള്ള തുണികള്‍ കൊണ്ട് അതിമനോഹരമായി മുഖവും കഴുത്തും ഒക്കെ അലങ്കരിച്ച് നിര്‍ത്തിയിരിക്കുന്ന ഒട്ടകങ്ങളിലെ സുന്ദരനെയും സുന്ദരിയെയും മാത്രമല്ല, രാജസ്ഥാനിലെ സുന്ദരന്മാരെയും സുന്ദരികളെയും പരിചയപ്പെടാനും അവരുടെ ജീവിതരീതികളും പാരമ്ബര്യങ്ങളും അറിയാനും ഒക്കെ പുഷ്കര്‍ മേളയോളം മികച്ച ഒരു അവസരം കിട്ടാനില്ല. അതുകൊണ്ടു തന്നെ പതിനായിരക്കണക്കിനാളുകളാണ് ഓരോ വര്‍ഷവും ഇവിടേക്ക് എത്തുന്നത്.
പുഷ്കര്‍ ഒട്ടകമേള 2023
ഈ വര്‍ഷത്തെ പുഷകര്‍ ഒട്ടക മേള നവംബര്‍ 20 തിങ്കളാഴ്ച ആരംഭിച്ച് 28 ചൊവ്വാഴ്ച വരെ നീണ്ടു നില്ക്കും. രാജസ്ഥാൻ പാരമ്ബര്യങ്ങളും സംസ്കാരങ്ങളും ഏറ്റവും അടുത്ത് നിന്ന് പരിചയപ്പെടുക എന്നതാണ് ഇതിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. പേര് ക്യാമല്‍ ഫെസ്റ്റിവല്‍ എന്നാണെങ്കിലും ഇവിടെ നിങ്ങള്‍ക്ക് ഒട്ടകങ്ങളെ മാത്രമല്ല കാണാന്‍ സാധിക്കുക. പ്രായഭേദമന്യേ അണിഞ്ഞൊരുങ്ങി വരുന്ന രാജസ്ഥാൻ ജനതയെയും ഒട്ടകങ്ങള്‍ക്കൊപ്പം മറ്റു കന്നുകാലികളെയും ഇവിടെ കാണാം.
പുഷ്കര്‍ മേളയെന്നും വിളിക്കപ്പെടുന്ന ഈ ആഘോഷദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നവരാണ് സഞ്ചാരികളില്‍ ഭൂരിഭാഗവും. വര്‍ഷങ്ങളായി സ്ഥിരം ഇവിടേക്ക് എത്തിച്ചേരുന്നവര്‍ മുതല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പുഷ്കര്‍ മേള കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരെ വരെ ഇവിടെ കണ്ടെത്താൻ കഴിയും. ഒട്ടകങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളും വ്യാപാരവും ഒക്കെയാണ് പ്രാഥമികമായി പുഷ്കര്‍ മേളയുടെ ലക്ഷ്യമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം അതിനുമപ്പുറമാണ് പുഷ്കര്‍ മേളയുടെ പകിട്ട്.
പുഷ്കര്‍ മേളയില്‍ കാത്തിരിക്കുന്നത്
ഒട്ടകങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകം മാത്രമല്ല നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. രാജസ്ഥാന്റെ കലകളും കലാരൂപങ്ങളും പരിചയപ്പെടുവാൻ പറ്റിയ സമയം കൂടിയാണിത്. നഗൗരിലെ മുത്തുകൊണ്ടുള്ള നെക്ലേസുകള്‍, അജ്മീറിലെ പ്രിന്റഡ് തുണിത്തരങ്ങള്‍, ടാറ്റു കലാകാരന്മാരും അവരുടെ അതിരസകരമായ ടാറ്റുകളും ഒക്കെ ഇവിടെ കാണാം.
ഹോട്ട് എയര്‍ ബലൂണിങ്, കുതിര സവാരി, ഒട്ടക സവാരി, സൂര്യാസ്തമയം കാണാനുള്ള സവാരി, മരുഭൂമിയില്‍ കൂടിയുള്ള ക്വാഡ് ബൈക്കിങ് എന്നിങ്ങനെ നിരവധി കാര്യങ്ങളും ഇവിടെ ചെയ്യാനുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി പുഷകര്‍ റോഡ് മാര്‍ഗം മല്ല രീതിയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. അജ്മീര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വെറും 11 കിലോമീറ്റര്‍ മാത്രമേ ഇവിടെക്കുള്ളൂ.
കടപ്പാട്: എലിസബത്ത് ജോസഫ് Nativeplanet