ന്യൂഡൽഹി: ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ വാതുവയ്പ് ശൃംഖലയായ മഹാദേവ് ബെറ്റിംഗ് ആപ്പ് ഉൾപ്പെടെ 22 ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഐടിമന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. ഛത്തീസ്ഘഢിലടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടൽ.
“‘അനധികൃത വാതുവയ്പ് ആപ് സിൻഡിക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെയും ഛത്തീസ്ഗഡിലെ മഹാദേവ് ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകളുടെയും പശ്ചാത്തലത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി’’-ഐടി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഓൺലൈൻ ബെറ്റിങ് ആപ്പാണ് മഹാദേവ്. ഓൺലൈൻ ബെറ്റിങ്ങിന് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ ദുബായ് വഴിയാണ് ഇവരുടെ ഓപ്പറേഷൻ. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നവരാണ് 2016 -ൽ ദുബായിൽ മഹാദേവ് ആപ്പ് എന്ന പേരിൽ ഓൺലൈൻ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്. 2020 ൽ കൊവിഡ് കാലത്ത് ജനം ഓൺലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, തിരഞ്ഞെടുപ്പ് ബെറ്റിങ് അങ്ങനെ എന്തിന്റെ പേരിലും ആവാം.
2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവിൽ റജിസ്റ്റർ ചെയ്തിരുന്നത്. 2019 ൽ മഹാദേവ് ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങുന്നു. അതോടെ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ദിവസേന 200 കോടി വരെ ഉടമകളുടെ പോക്കറ്റിലെത്തി.പണം വന്നതും പോയതും എല്ലാം ഹവാല റൂട്ടുകളിൽ ബെറ്റുവെച്ച് എത്ര പേർ ജയിച്ചാലും തോറ്റാലും, ലാഭം ഒടുവിൽ കമ്പനിക്ക് മാത്രം.
നേരത്തേ, ഛത്തീസ്ഗഡിൽ നടത്തിയ റെയ്ഡിൽ അസീം ദാസ് എന്ന ഹവാല ഇടപാടുകാരനിൽനിന്ന് 5.39 കോടി രൂപ കഴിഞ്ഞ ദിവസം ഇഡി പിടിച്ചെടുത്തിരുന്നു. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാരുടെ പണവുമായി യുഎഇയിൽനിന്ന് എത്തിയതാണെന്നും തെരഞ്ഞെടുപ്പ് ചെലവുകൾക്കായി ബാഗൽ എന്നയാൾക്കു നൽകാനായിരുന്നു നിർദേശമെന്നും ഇയാൾ വെളിപ്പെടുത്തിയതായി ഇഡി അറിയിച്ചു.
ദാസിന്റെ ഫോൺ പരിശോധിച്ചപ്പോൾ മഹാദേവ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ ശുഭം സോണി അയച്ച ഇ മെയിൽ ലഭിച്ചു. ബാഗലിന് ഇതുവരെ 508 കോടി രൂപ നൽകിയതിന്റെ വിശദാംശങ്ങൾ ഇതിൽനിന്നാണു ലഭിച്ചതെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















