ചണ്ഡിഗഡ്: അൻപതിലധികം സ്കൂൾ വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രിൻസിപ്പൽ അറസ്റ്റിൽ. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പലാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അമിത് കുമാർ ഭാട്യയുടെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
സ്കൂളിലെ 50 വിദ്യാർഥിനികളാണ് പ്രഥമാധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഓഫീസിൽ വിളിച്ച് വരുത്തിയ ശേഷം പ്രതി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. പ്രിൻസിപ്പലിന്റെ ഇത്തരം ചൂഷണങ്ങൾ തങ്ങൾക്കറിയാമെന്നാണ് മറ്റ് വിദ്യാർത്ഥികളുടെ പരാതിയിൽ സൂചിപ്പിച്ചിരുന്നത്. പരാതിയെ തുടർന്ന് ജിന്ദ് ഭരണകൂടം സസ്പെൻഡ് ചെയ്ത സ്കൂൾ അധ്യാപകനെതിരെ ഹരിയാന പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ പ്രിൻസിപ്പൽ ഒളിവിൽപോയിരുന്നു. അഞ്ചുദിവസമായി ഒളിവിലായിരുന്ന ഇയാളെ ഇന്നലെയാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു.
പ്രിൻസിപ്പലിനെതിരെ പരാതി നൽകിയ വിദ്യാർഥിനികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















