മുംബൈ: ഏകദിന സെഞ്ച്വറിയിൻ തന്റെ റെക്കോർഡിനൊപ്പമെത്തിയ ഇന്ത്യൻ താരം വിരാട് കോഹ്ലിക്ക് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. തന്റെ റെക്കോർഡ് ഭേദിക്കാൻ ഉടൻ തന്നെ സാധിക്കട്ടെയെന്ന് സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. വളരെ നന്നായി കളിച്ചെന്നും അദ്ദേഹം പറഞ്ഞു.
”നന്നായി കളിച്ചു, വിരാട്. 49ൽനിന്ന് 50ൽ(വയസ്) എത്താൻ ഞാൻ 365 ദിവസമെടുത്തു. വരുംദിവസങ്ങളിൽ തന്നെ 49ൽനിന്ന് 50ലെത്താനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ”-സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
49 സെഞ്ചറികളാണ് നിലവിൽ കോലിക്കും സച്ചിനുമുള്ളത്. ഒരു ഏകദിന സെഞ്ചറി കൂടിയായാൽ സച്ചിനെ പിന്നിലാക്കി 50 സെഞ്ചറികളെന്ന നേട്ടത്തിലേക്കു കോലിയെത്തും.
സച്ചിൻ തെൻഡുൽക്കർ 463 മത്സരങ്ങൾ കളിച്ചാണ് 49 ഏകദിന സെഞ്ചറികളിലെത്തിയത്. പക്ഷേ കോലിക്ക് ആകെ 290 മത്സരങ്ങൾ മാത്രമാണ് ഇതിനു വേണ്ടിവന്നത്. ഈ ലോകകപ്പിൽ തന്നെ കോലി സച്ചിനെ മറികടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. 35 വയസ്സുമാത്രം പ്രായമുള്ള കോലി സെഞ്ചറികളുടെ എണ്ണത്തിൽ പുത്തൻ റെക്കോർഡ് തന്നെ കെട്ടിപ്പടുക്കുമെന്ന് ഉറപ്പാണ്.
ജന്മദിനത്തിൽ തന്നെ സെഞ്ചറി നേടുന്ന താരങ്ങളുടെ പട്ടികയിലും കോലി ഇതോടെ ഇടം പിടിച്ചു. പിറന്നാൾ ദിനത്തിൽ സെഞ്ചറി തികയ്ക്കുന്ന ഏഴാമത്തെ മാത്രം താരമാണു വിരാട് കോലി. ജന്മദിനത്തിൽ നൂറു തികച്ച ആദ്യ താരം ഒരു ഇന്ത്യക്കാരനാണ്, വിനോദ് കാംബ്ലി. 1993 ൽ 21 വയസ്സു തികഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരെ കാംബ്ലി സെഞ്ചറി നേടിയത്. ഷാർജ സ്റ്റേഡിയത്തിൽ സച്ചിൻ സെഞ്ചറി തികച്ചത് താരത്തിന്റെ 25–ാം ജന്മദിനത്തിലായിരുന്നു.
സനത് ജയസൂര്യ, റോസ് ടെയ്ലർ, ടോം ലാഥം എന്നിവരും ജന്മദിനത്തിലെ സെഞ്ചറിക്കാരാണ്. 2023 ഏകദിന ലോകകപ്പിൽ കോലിക്കു പുറമേ മറ്റൊരാൾകൂടി ജന്മദിനത്തിൽ സെഞ്ചറി നേടിയിട്ടുണ്ട്. ഓസീസ് താരം മിച്ചൽ മാർഷാണ് അത്. മാർഷ് പാക്കിസ്ഥാനെതിരായ സെഞ്ചറി തികച്ചത് പിറന്നാൾ ദിനത്തിലായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു