തിരുവനന്തപുരം:ഗാര്‍ഹിക പീഡന നിരോധന നിയമവും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും യഥാസമയം സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ മുഖേന കര്‍ശനമായി നടപ്പാക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഗാര്‍ഹിക പീഡന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് പോലീസ് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുക, മെയിന്റനന്‍സ് ഓര്‍ഡറുകളും കോടതി ഉത്തരവുകളും കര്‍ശനമായി നടപ്പാക്കുക എന്നീ ശിപാര്‍ശകള്‍ കേരള വനിതാ കമ്മിഷന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതെന്ന് കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.
മറ്റു നിർദേശങ്ങൾ:
- ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പുറപ്പെടുവിക്കുന്ന ഗാര്‍ഹിക പീഡന നിരോധന നിയമം 2005ലെ 18-ാം വകുപ്പ് പ്രകാരമുള്ള പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലംഘിക്കുന്ന ആള്‍ക്ക് എതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം 2005ലെ 31, 32 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം.
- ഗാര്‍ഹിക പീഡന നിരോധന നിയമം 2005 പ്രകാരം കോടതിയില്‍ നിന്നു ലഭ്യമാകുന്ന സമന്‍സുകളും വാറന്റുകളും പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യഥാസമയം നടപ്പാക്കണം.
- ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതിയോ, റിപ്പോര്‍ട്ടോ ലഭിക്കുന്നപക്ഷം പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍, റെസിഡന്‍സ് ഓര്‍ഡര്‍, മോണിറ്ററി റിലീഫ്, കസ്റ്റഡി ഓര്‍ഡര്‍ എന്നിവ ബന്ധപ്പെട്ട പോലീസ് ഓഫീസറില്‍ നിന്നും പരാതി കക്ഷിക്ക് ലഭിക്കാന്‍ അവകാശമുണ്ട്.
- സേവനദാതാവിന്റെയും സംരക്ഷണ ഉദ്യോഗസ്ഥന്റെയും സേവനം ലഭ്യമാണെന്നും സൗജന്യ നിയമസഹായത്തിന് അവകാശമുണ്ടെന്നും പരാതിക്കാരിയെ പോലീസ് ഉദ്യോഗസ്ഥന് അറിയിക്കണം.
- ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസറെയോ, വെല്‍ഫെയര്‍ എക്സ്പേര്‍ട്ടിനെയോ, ജില്ലാ/ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയെയോ സമീപിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സഹായങ്ങളും പോലീസ് ഉദ്യോഗസ്ഥന് നല്‍കണം.