ചെന്നൈ: തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. ബോഡിനായ്ക്കന്നൂർ സ്വദേശി രാജേഷ് കുമാർ (39) ആണ് മരിച്ചത്. ഇയാളുടെ ബന്ധുവായ ശിവമൂർത്തിയാണ് കൊലപ്പെടുത്തിയത്.
ബോഡിനായ്ക്കന്നൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിനു സമീപമാണ് സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്നു രാജേഷ്. ഈ സമയം പുറകിലൂടെ എത്തിയ രാജേഷ് കുമാറിന്റെ ബന്ധു ശിവമൂര്‍ത്തി ഇയാളെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കഴുത്തിനും മുഖത്തും തുരുതുരെ വെട്ടി. ഇറച്ചിക്കടയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ടായിരുന്നു ആക്രമണം.
വെട്ടേറ്റ രാജേഷ് സംഭവ സ്ഥലത്ത് വീണു മരിച്ചു. കൊലക്ക് ശേഷം ശിവമൂര്‍ത്തി ബോഡിനായക്കന്നൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവമറിഞ്ഞെത്തിയ പോലീസ് രാജേഷ് കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പതിമൂന്ന് വർഷം മുമ്പാണ് രാജേഷ് കുമാർ ശിവമൂർത്തിയുടെ ബന്ധുവിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു മക്കളുമുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും കഴിഞ്ഞ നാലു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു. ഇവരുടെ വീടിനു സമീപത്തുള്ള മറ്റൊരു സ്ത്രീയുമായി രാജേഷ് കുമാർ അടുപ്പത്തിലായിരുന്നു. ഇത് സംബന്ധിച്ച് രാജേഷും ശിവമൂർത്തിയും തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു