കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകമായ സാൾട്ട് ലൈക്ക് സ്റ്റേഡിയത്തിൽ വെച്ച് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.
ദെയ്സുകെ സകൈ, ദിമിത്രോസ് ഡയമന്റകോസ് എന്നിവര്‍ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്. ആറ് മത്സരങ്ങില്‍ നാല് വിജയമാണ് ബ്ലാസ്റ്റേഴ്സിന്. മത്സരത്തില്‍ പന്തടക്കത്തില്‍ ഈസ്റ്റ് ബംഗാളിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ട് തവണ പന്ത് ഗോള്‍വര കടക്കുകയും ചെയ്തതോടെ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചു.
32-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ കലക്കന്‍ പാസില്‍ നിന്ന് ദയ്സുകെ സകായിയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ പിന്നെ ഗോളുകളൊന്നും ഉണ്ടായില്ല.
85-ാം മിനിറ്റിലായിരുന്നു സച്ചിന് സുരേഷ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി അവതരിച്ചത്. ബോക്സില്‍ സച്ചിന്റെ തന്നെ ഫൗളിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ക്ലെയ്റ്റണ്‍ സില്‍വയുടെ ആദ്യ കിക്ക് സച്ചിന് രക്ഷപ്പെടുത്തിയെങ്കിലും കിക്കെടുക്കും മുമ്പ് ഗോള്‍കീപ്പര്‍ ലൈനില്‍ നിന്ന് മുന്നോട്ടുവന്നതിനാല്‍ റഫറി റീട്ടെയ്ക് അനുവദിച്ചു. എന്നാല്‍ സില്‍വയുടെ രണ്ടാം കിക്കും രക്ഷപ്പെടുത്തിയ സച്ചിന് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് നിലനിര്‍ത്തി. ഒഡിഷയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലും സച്ചിന് പെനാല്‍റ്റി രക്ഷപ്പെടുത്തിയിരുന്നു.
പിന്നാലെ 88-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയ ദിമിത്രിയോസ് ഡിയാമാന്റക്കോസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി. പിന്നാലെ ജേഴ്സിയൂരിയുള്ള ആഘോഷത്തിന് താരത്തിന് ചുവപ്പുകാര്‍ഡ് ലഭിക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു