അങ്കാറ: വെടിനിർത്തലിന് വിസമ്മതിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് തുർക്കി. ടെൽ അവീവിൽ നിന്ന് അംബാസിഡറെ കൂടിയാലോചനയ്ക്കായി തിരികെവിളിച്ചതായി തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിൽ അരങ്ങേറുന്ന മാനുഷിക ദുരന്തം കണക്കിലെടുത്താണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നെതന്യാഹുവുമായി ഇനി ഒരുവിധ ചർച്ചയുമില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നേരത്തെ പറഞ്ഞിരുന്നു.
ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9,488 ആയി. 24 മണിക്കൂറിനിടെ മരിച്ചത് 231 പേരാണ്. ആശുപത്രികൾക്ക് നേരെയും അഭയാർഥികളാൽ തിങ്ങിനിറഞ്ഞ സ്കൂൾക്ക് നേരെയുമാണ് ഇസ്രായേൽ ആക്രമണം. ജബാലിയയിലെ അൽ ഫഖൂറ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ഇന്തോനേഷ്യൻ ആശുപത്രി പരിസരത്തും നുസൈറാത്ത്, ബുറൈജ് അഭയാർത്ഥി ക്യാമ്പുകളിലും തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലും ആക്രമണമുണ്ടായി.
150 ആരോഗ്യ പ്രവർത്തകരാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഏഴ് ലക്ഷത്തോളം അഭയാർഥികൾ പാർത്തിരുന്ന 50 യുഎൻ കേന്ദ്രങ്ങളാണ് ഇതുവരെ ഗസ്സയിൽ തകർക്കപ്പെട്ടത്. അതിനിടെ, ഹമാസ് പോളിറ്റ് ബ്യൂറോയുടെ തലവൻ ഇസ്മാഈൽ ഹനിയയുടെ വടക്കൻ ഗസ്സയിലെ അൽ ശാതിയിലെ വീടിന് നേരെയും ഇസ്രായേൽ ആക്രമണം ഉണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു