തിരുവനന്തപുരം: നിത്യജീവിതത്തിൽ ആരാധനയിൽ കൃഷിയിൽ വീട്ടുജോലികളിൽ വിനോദത്തിൽ ഒക്കെ കവിതയോടൊത്തു ജീവിച്ച ഒരു പൂർവ്വ സമൂഹമാണ് നമുക്കുള്ളതെന്ന് മലയാളത്തിന്റെ പ്രിയകവി പ്രൊഫ. വി മധുസൂദനൻ നായർ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കവിയും കവിതയുമെന്ന’ പരിപാടിയിൽ അദ്ദേഹം കവിതയുടെ നീതിബോധത്തെക്കുറിച്ചും നന്മയെക്കുറിച്ചുമുള്ള ചിന്തകൾ പങ്കുവച്ചു.
ആശയങ്ങളുടെ സർഗ്ഗാവിഷ്കാരമാണ് കവിതകളെന്നും അതിന്റെ ഛന്ദസ് കൈവിടരുതെന്നും കവി ഓർമ്മപ്പെടുത്തി. ഗദ്യത്തിൽ എഴുതാൻ വളരെ എളുപ്പമാണ് എന്ന ധാരണ പലർക്കുമുണ്ട്. ഇന്ന് ഗദ്യത്തിലുള്ള കവിതകൾ അത്ര ഹൃദ്യമല്ലാത്തതായാണ് കാണുന്നത്. പണ്ടുകാലം മുതൽ നമ്മുടെ നാട്ടിൽ ആവിഷ്കൃത കവിതകൾക്ക് വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. മികച്ച ആവിഷ്കാരങ്ങൾ മലയാളത്തിന് സമ്മാനിച്ച കുഞ്ചൻ നമ്പ്യാരുടെ സൃഷ്ടികൾ പിന്നീട് സർവകലാശാലകളിൽ പഠിക്കാനും പ്രബന്ധമെഴുത്തിനുമുള്ള വിഷയമായി ചുരുങ്ങി. ഇതിനൊരു മാറ്റം കൊണ്ടുവരാൻ ശ്രമിച്ച മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എ.അയ്യപ്പപണിക്കരെ കവി സ്മരിച്ചു. പ്രിയ കവികളിൽ പലരും വിസ്മരിക്കപ്പെട്ടതിലുള്ള നിരാശയും കവി മറച്ചു വച്ചില്ല. ‘ചിലരെ ചിലകാലം വേണം, കുറച്ചു കഴിഞ്ഞ് ചവച്ചു തുപ്പണം’ എന്ന പ്രയോഗത്തിലൂടെയാണ് അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിച്ചത്.
നാട്ടിടങ്ങളിൽ കവിതയെത്തിച്ച്, കവിതയ്ക്ക് എല്ലായിടത്തും വേദിയുണ്ടാക്കി കൊടുത്തവരാണ് അയ്യപ്പപണിക്കർ, കടമ്മനിട്ട, ഡി.വിനയചന്ദ്രൻ എന്നിവരെപ്പോലെയുള്ള കവികൾ. ആസ്വാദനത്തിനെ ഉന്നതിയിലെത്തിക്കുന്നത് കവിതകളിലെ രസായനത്വമാണ്. എന്നാൽ ഇന്ന് ആളുകൾക്ക് ആവശ്യം ഗുളികകളാണ്, വേഗം കേട്ട് തീരുന്ന കവിതകൾക്കാണ് ആവശ്യക്കാർ. നല്ല കവിത തിരിച്ചറിയുന്ന ആസ്വദിക്കാൻ യോഗ്യതയുള്ള സമൂഹമാണ് കവിതയെ വിമർശിക്കേണ്ടത്. കവിത എഴുതുന്നവരും സ്വയം വിമർശകർ ആകണമെന്ന് കവി സൂചിപ്പിച്ചു.
താൻ കവിതയിലേക്ക് എത്തിയ കാലം കവി ഓർമിച്ച് പറഞ്ഞു. ചെറുപ്രായത്തിലേ വിളിച്ചു പാടുന്ന സ്വഭാവമുണ്ടായിരുന്നു. പിന്നീട് താളത്തിൽ എഴുതാൻ തുടങ്ങി. ഉത്സവപ്പറമ്പുകളിലും ചെറിയ സമിതികളിലും ചില്ലറ വാദ്യങ്ങളോടെ അവതരിപ്പിച്ച പാട്ടുകൾക്ക് ലഭിച്ച പ്രോത്സാഹനമാണ് കവിതയെഴുത്തിലേക്ക് തിരിയാൻ ഏറ്റവും കൂടുതൽ ഊർജ്ജമായത്. എഴുതുന്നതിൽ അന്യന്റെ ഒരു വരി പോലും കടന്നു വരാതെ ശ്രദ്ധിച്ചിട്ടുണ്ട്. വാക്കുകളുടെ ഭദ്രതയ്ക്ക് കുറവുണ്ടാകാതെ എഴുതണം. സമൂഹത്തിൽ എല്ലാവർക്കുമായി എഴുതുന്ന കവിതകളിൽ ഈ ദേശത്തിന്റെ രുചികൾ കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് കവി വ്യക്തമാക്കി.
ഇത്രയേറെ കീറിമുറിക്കലുകൾ ഉണ്ടായിട്ടും മഹത്തായ ഗ്രന്ഥമായി നിലനിൽക്കാൻ മഹാഭാരതത്തിന് കഴിഞ്ഞത്, അത് ലോകത്തിന് വേണ്ടി നിലകൊള്ളുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ചിന്തകളെ നാട് വേണ്ടവിധം തിരിച്ചറിയുന്നില്ല എന്ന സങ്കടവും അദ്ദേഹം പങ്കുവച്ചു. കവികളിൽ കവിയായ ശ്രീനാരായണ ഗുരുദേവന്റേത് പോലുള്ള ഒരു മനസ്സ് എന്ത് കൊണ്ട് മനുഷ്യരിൽ ഉണ്ടാകുന്നില്ല. 44 നദികളെ നശിപ്പിക്കാൻ 40 വർഷം പോലും വേണ്ടി വന്നില്ല മലയാളിക്ക് എന്ന് പരാതിപ്പെട്ട കവി, തന്റെ അത്തരം കുറ്റബോധത്തിൽ നിന്നാണ് ‘അഗസ്ത്യഹൃദയം’ എന്ന കവിത ജനിച്ചതെന്ന് വ്യക്തമാക്കി.
ആത്മസംസ്കരണത്തിന് ഉതകുന്നതാവണം കവിതകൾ. പുറംവരികളിലല്ല, അകംതിണകളിലാണ് ശരിയായ ഉള്ളടക്കം ഇരിക്കുന്നത്. മനുഷ്യബോധത്തെ നവീകരിക്കുന്ന തരം രചനകൾ വരണം. ഉണ്ട് ഉറങ്ങി നശിക്കുന്നവരല്ലാത്ത ഉദാരമനസുള്ളവർക്ക് മുന്നിൽ ലോകം സുന്ദരമായിരിക്കും. ഒരു കുഞ്ഞും ഇവിടെ പാഴാകരുത്, കുഞ്ഞുങ്ങളെ ഔന്നത്യത്തിലേക്ക് നയിക്കാൻ കഴിയണം. ജനം ജനമായിരിക്കണമെങ്കിൽ സ്വന്തം മൊഴി ഒപ്പമുണ്ടാവണമെന്നും കവി മധുസൂദനൻ നായർ ഓർമിപ്പിച്ചു. ആത്മനിന്ദ, പരപുച്ഛം, അസൂയ, ആർത്തി തുടങ്ങിയവയുള്ള ഒരു സമൂഹമായി നാം മാറരുതെന്ന പ്രാർത്ഥനയോടെയാണ് കവി പ്രഭാഷണം അവസാനിപ്പിച്ചത്. ‘അച്ഛൻ പിറന്ന വീട്’ എന്ന തന്റെ കവിതയിലെ ഏതാനും വരികളും കവി സദസ്സിനായി ആലപിച്ചു. വാക്കിൻ വരമ്പത്തുകൂടെ കൈപിടിച്ച് നടത്തി മലയാളികളെ കവിതയെന്ന അക്കരെവീട്ടിലെത്തിച്ച പ്രിയപ്പെട്ട കവിയെ കരഘോഷത്തോടെയാണ് കവിതാസ്വാദകർ മടക്കി അയച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു