കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിൽ തീരുമാനമെടുക്കാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്നു ചേരും. ഉച്ചയ്ക്ക് കോഴിക്കോട് ലീഗ് ഹൗസിലാണു യോഗം. മുതിർന്ന നേതാക്കൾ മാത്രമാണു യോഗത്തിൽ പങ്കെടുക്കുന്നത്.
സി.പി.എം പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനകത്ത് ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് നേതൃത്വം അതൃപ്തി അറിയിച്ച സാഹചര്യത്തിൽ മുന്നണി സംവിധാനത്തെ കൂടി പരിഗണിച്ചാകും ലീഗ് അന്തിമ തീരുമാനമെടുക്കുക.
സി.പി.എം പരിപാടിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കിയതാണു പുതിയ ചർച്ചകൾക്കു തിരികൊളുത്തിയത്. ഇ.ടിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പരിപാടിയിലേക്ക് സി.പി.എം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.