ഗസ്സ: ഗസ്സയിലെ അൽ ഷിഫ ആശുപത്രിക്കുനേരെ ഇസ്രായേൽ ആക്രമണം. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ മുൻ വശത്തെ പ്രധാന ഗേറ്റിലാണ് ആക്രമണമുണ്ടായത്.
ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഏറെ പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റവരുമായി റഫ അതിർത്തി വഴി ഈജിപ്തിലേക്ക് പോകുകയായിരുന്ന ആംബുലൻസുകൾക്കുമേലും ഇസ്രായേൽ ബോംബിട്ടു.
5000ത്തിലേറെ പേരാണ് അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കൂടാതെ, ഇസ്രായേൽ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിന് പേർ ആശുപത്രിയും മുൻവശത്തെയും പിറകുവശത്തെയും മുറ്റത്ത് അഭയം തേടിയിട്ടുണ്ട്.
ഇസ്രായേൽ ആക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റവരുമായി പോകുകയായിരുന്ന ആംബുലൻസുകളുടെ നിരയെയാണ് ഇസ്രായേൽ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ 20ഓളം പേരാണ് ആംബുലൻസുകളിലുണ്ടായിരുന്നത്. ഇസ്രായേൽ ബോംബിട്ടത് ഗുരുതര പരിക്കേറ്റവരുമായി പോയ ഒരു മെഡിക്കൽ സംഘത്തെയാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു