റായ്പുർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ പ്രമോട്ടർമാർ 508 കോടി രൂപ നൽകിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ആപ്പിന്‍റെ നടത്തിപ്പുകാർക്കെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്. അവരുടെ പണം കൈകാര്യം ചെയ്യുന്ന അസിംദാസ് എന്നയാളാണ് ബാഘേലിനെതിരെ മൊഴി നൽകിയത്. മൊഴി രേഖപ്പെടുത്തിയെന്നും, അന്വേഷിക്കേണ്ട വിഷയമാണിതെന്നും ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി മഹാദേവ് ആപ് ഉടമകൾ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പണം നൽകുന്നുണ്ടെന്നും ഇതുവരെ 508 കോടി രൂപ നൽകിയതായും ഇഡിയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.
ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് 4 ദിവസം മാത്രം അവശേഷിക്കെയാണ് ഇക്കാര്യം പുറത്തുവന്നത്. നവംബര്‍ 7, 17 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.
നേരത്തെ ഛത്തീസ്ഗഢ് പൊലീസും ആന്ധ്ര പൊലീസിന്റെ സൈബർ ക്രൈം യൂണിറ്റും നടത്തിയ അറസ്റ്റുകളോടെയാണ് അനധികൃത ബെറ്റിങ് ആപായ മഹാദേവിനെ സംബന്ധിക്കുന്ന വിവങ്ങൾ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് 70ഓളം എഫ്.ഐ.ആറുകളാണ് ഛത്തീസ്ഗഢ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം അറസ്റ്റുകൾ നടത്തുകയും ചെയ്തു.
ഹവാല പണം വൻതോതിൽ ആപുകളിലേക്ക് ഒഴുകിയെന്നാണ് പൊലീസിന്റെ നിഗമനം. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നിവരാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നും ദുബൈ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. തട്ടിപ്പിൽ ആദ്യ ചാർജ്ഷീറ്റ് സമർപ്പിച്ചത് ഛത്തീസഗഢ് പൊലീസാണ്. അലോക് സിങ് രാജ്പുത്ത്, റാംപ്രവേഷ് സാഹു, രാജ സിങ് എന്നിവരെ പ്രതിയാക്കിയായിരുന്നു കേസ്.
മഹാദേവ് ബുക്ക് വഴി സ്വരൂപീക്കുന്ന പണം ലൈവ് ലുഡോ, ഫുട്ബാൾ, കസിനോ ഗെയിംസ് എന്നിവയിൽ വാതുവെക്കാൻ ഉപയോഗിച്ചുവെന്നാണ് ഛത്തീസ്ഗഢ് പൊലീസിന്റെ കണ്ടെത്തൽ. ഇവർ പണം സ്വീകരിച്ച് ആളുകൾക്ക് ഓൺലൈൻ ഐ.ഡി ഉണ്ടാക്കി നൽകി മഹാദേവ് ബുക്ക് വഴി വാതുവെക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് 19 പേരെയാണ് ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തത്. വാതുവെപ്പുകാരിൽ നിന്നും പണം സ്വീകരിച്ച ഇവർ വാട്സാപ്പ് വഴി ഇത് വ്യാജ ബാങ്ക് അക്കൗണ്ടുകളിലിട്ടു. പിന്നീട് ടൈഗർ എക്സ്ചേഞ്ച്, ഗോൾ365, ലേസർ247, ക്രിക്കറ്റ്ബസ്.കോം, പ്ലേ247.വിൻ, സ്കൈലേക്സ്ചേഞ്ച്.കോം, ക്രിക്കറ്റ്ബെറ്റ്.കോം എന്നിവയിൽ വാതുവെപ്പുകാരുടെ താൽപര്യത്തിനനുസരിച്ച് ബെറ്റ് വെക്കുകയായിരുന്നു. ആപിലൂടെയുണ്ടാക്കുന്ന പണം വിവിധ ബിനാമി അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















