ന്യൂ ഡൽഹി :ജുഡീഷ്യൽ നടപടികൾക്കിടെ അഭിഭാഷകർ ‘മൈ ലോർഡ് ‘യുവർ ലോർഡ്ഷിപ്പ്’ എന്നിങ്ങനെ വിളിച്ച് അഭിസംബോധന ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി ജഡ്ജി. ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് നിർത്തിയാൽ തന്റെ ശമ്പളത്തിന്റെ പാതി നൽകാമെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു. ബുധനാഴ്ച ജസ്റ്റിസ് എഎസ് ബൊപ്പണ്ണയയുൾപ്പടെ ഉള്ള ബെഞ്ച് ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഒരു മുതിർന്ന അഭിഭാഷകനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ” മൈ ലോർഡ് എന്ന വിളി നിർത്തിയാൽ, എന്റെ ശമ്പളത്തിന്റെ പാതി ഞാൻ നിങ്ങൾക്ക് തരാം” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാദത്തിനിടെ അഭിഭാഷകർ ജഡ്ജിമാരെ “മൈ ലോർഡ്” അല്ലെങ്കിൽ “യുവർ ലോർഡ്ഷിപ്പ്സ്”എന്ന് വിളിക്കാറുണ്ട്. ഇത്തരം പരാമർശങ്ങൾ കൊളോണിയൽ കാലഘട്ടത്തിലെ ചിന്താഗതിയും അടിമത്തത്തിന്റെ അടയാളമാണെന്നും വിമർശകർ പറയുന്നു. എന്നാൽ ഇതിനു പകരം ‘സർ’ എന്ന് അഭിസംബോധന ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അല്ലാത്തപക്ഷം ഇനി മുതൽ മുതിർന്ന അഭിഭാഷകൻ, മൈ ലോർഡ് എന്ന പ്രയോഗം എത്ര തവണ പറയുന്നുണ്ടെന്ന് താൻ എണ്ണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2006ൽ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഒരു അഭിഭാഷകനും ജഡ്ജിമാരെ “മൈ ലോർഡ്”, “യുവർ ലോർഡ്ഷിപ്പ്” എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന പ്രമേയം പാസാക്കിയെങ്കിലും ഇപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല.