ടെൽഅവീവ്: ഇസ്രായിലിന്റെ വടക്കൻ നഗരമായ കിര്യത് ഷ്മോണയിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം. 12 മിസൈലുകൾ പതിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ലെബനനിൽ നിന്നുള്ള ഏറ്റവും പുതിയ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗാസ ഹമാസ് ഏറ്റെടുത്തു.
തങ്ങളുടെ ലെബനൻ സംഘം ഇസ്രായിലിലേക്ക് 12 റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. റോക്കറ്റാക്രമണത്തെ തുടർന്ന് കിര്യത് ഷ്മോനയിൽ തീപിടുത്തമുണ്ടായി. കാറുകൾക്കും ഷോപ്പുകൾക്കും കേടുപാടുകൾ സംഭവിച്ചു. മിസൈൽ പതിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. 25-ഉം നാൽപതും വയസുള്ള രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ സഫേദിലെ സിവ് ആശുപത്രിയിലേക്ക് മാറ്റി.
ലെബനനിലെ ഷെബാഫാമിലെ വടക്കൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഹിസ്ബുല്ല വെടിവെപ്പ് നടത്തിയതായി ഇസ്രായേൽ. ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയത് മുതൽ ലെബനാൻ അതിർത്തിയിൽ ഏറ്റുമുട്ടലുകൾ നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ആഴ്ച മുതൽ ആക്രമണങ്ങൾ വർധിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കരയുദ്ധത്തിൽ ഇതുവരെ ലഫ്. കേണൽ അടക്കം 18 സൈനികർ കൊല്ലപ്പെട്ടതായും നിരവധി കവചിത വാഹനങ്ങൾ തകർന്നതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസിന്റെ ചെറുത്തുനില്പിൽ ഇസ്രായേൽ സേനയുടെ 53ാം ബറ്റാലിയൻ കമാൻഡർ ലഫ്. കേണൽ സൽമാൻ ഹബാകക്കാണ് ജീവൻ നഷ്ടമായത്. യുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന സൈനിക ഓഫിസറാണ് ഇദ്ദേഹം. നാലു സൈനികർക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു