പാലക്കാട്: പട്ടാമ്പിയിൽ യുവാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. തൃത്താല കണ്ണനൂരിലാണ് സംഭവം. ഓങ്ങല്ലൂർ കൊണ്ടുർക്കര സ്വദേശി അൻസാറാണ് മരിച്ചത്. പട്ടാമ്പി തൃത്താല റോഡിൽ രക്തക്കറ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.
പിന്നാലെ പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ കരിമ്പനക്കടവിൽ ഭാരതപ്പുഴയിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകൾക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു യുവാവ്. വിദഗ്ദ്ധ ചികിത്സയ്ക്ക് മുൻപ് തന്നെ യുവാവ് മരണപ്പെടുകയായിരുന്നു.
കരിമ്പനക്കടവിന് സമീപം ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. കാറിനുള്ളില്‍ കത്തിയുടെ കവറും പൊലീസ് കണ്ടെടുത്തു. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം. തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് യുവാവ് ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കിയെന്നും സൂചനയുണ്ട്. തൃത്താല പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു