ന്യൂയോര്‍ക്ക്: ഗസ്സയിൽ താത്കാലിക വെടിനിർത്തലിന് പിന്തുണയുമായി ജോ ബൈഡന്. ബന്ദികളുടെ മോചനത്തിന് ഇത് അനിവാര്യമെന്ന് ബൈഡൻ പറഞ്ഞതായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഗസ്സ മുനമ്പില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ സമയം ആവശ്യമാണെന്നും ഇതിനായി ഇസ്രായേലും ഹമാസും യുദ്ധം താത്കാലികമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമ്പൂര്‍ണ വെടിനിര്‍ത്തലിന് ബൈഡന് ആഹ്വാനം നല്‍കിയില്ല.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസംഗിക്കുന്നതിനിടെ ഗസ്സയിൽ വെടിനിർത്തണമെന്ന് യുവതി ആവശ്യം ഉന്നയിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് മിനിസോട്ടയിലെ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുവതി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം.
അതേസമയം, ഇസ്രായേൽ ആക്രമണത്തില്‍ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9061 ആയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണമാണ് അധികൃതർ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരിൽ 3760 കുട്ടികളും 2326 സ്ത്രീകളുമുണ്ടെന്നും അധികൃതർ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 32,000 പേർക്ക് മുറിവേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നടന്ന കൂട്ടക്കൊലപാതകങ്ങളിൽ 256 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യം മന്ത്രാലയം അറിയിച്ചു. 1,100 കുട്ടികളടക്കം 2000ത്തോളം പേരെ ഗസ്സയിൽ നിന്ന് കാണാതായിരിക്കുന്നത്. ഇവർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട് അവിശിഷ്ടങ്ങളിൽ കിടക്കുകയാണെന്നാണ് ജനങ്ങൾ കരുതുന്നത്. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കാൻ കഴിയാതെ കിടക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു