മുംബൈ: ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍. 358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്കോറര്‍.
ഇന്ത്യക്കായി അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്.
ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞു. വെറും 22 റണ്‍സെടുക്കുന്നതിനിടെ ഏഴ് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി. പത്തും നിസ്സങ്ക (0), ദിമുത് കരുണരത്നെ (0), സദീര സമരവിക്രമ (0), കുശാല്‍ മെന്‍ഡിസ് (1), ചരിത് അസലങ്ക (1), ദുഷന്‍ ഹേമന്ദ (0) എന്നിവര്‍ ഒന്നുപൊരുതുക പോലും ചെയ്യാതെ കീഴടക്കി.
ടീം സ്കോര്‍ 29-ല്‍ എത്തിയപ്പോള്‍ ആകെയുള്ള പ്രതീക്ഷയായ എയ്ഞ്ജലോ മാത്യൂസും പുറത്തായി. 12 റണ്‍സെടുത്ത താരത്തെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ക്രീസിലൊന്നിച്ച മഹീഷ് തീക്ഷണയും കസുന്‍ രജിതയും ചേര്‍ന്ന് ടീം സ്കോര്‍ 49-ല്‍ എത്തിച്ചു. എന്നാല്‍ 14 റണ്‍സെടുത്ത രജിതയെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി. താരത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം അഞ്ചുവിക്കറ്റ് നേട്ടമാണിത്. ഇതോടെ വെറും മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്താനും ഷമിയ്ക്ക് സാധിച്ചു. പിന്നാലെ മധുശങ്കയെ പുറത്താക്കി ജഡേജ ഇന്നിങ്സ് അവസാനിപ്പിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ഷമി അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്തപ്പോള്‍ സിറാജ് മൂന്ന് വിക്കറ്റ് നേടി. ബുംറയും ജഡേജയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തത്. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ഇന്നിംഗ്സിനൊടുവില്‍ തകര്‍ത്തടിച്ച ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്ഷന് മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു