പൂനെ: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് വമ്പൻ ജയം. ന്യൂസിലൻഡിനെ 191 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. 358 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികളുടെ പോരാട്ടം 167 റൺസിൽ അവസാനിച്ചു.
സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്കും വാന്‍ഡെര്‍ ദസ്സനും 4 വിക്കറ്റ് നേടിയ കേശവ് മഹാരാജും 3 വിക്കറ്റ് നേടിയ മാർക്കോ ജാൻസണുമാണ് ആഫ്രിക്കൻ ശക്തികളുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. വമ്പൻ വിജയത്തോടെ ഇന്ത്യയെയും മറികടന്ന് ദക്ഷിണാഫ്രിക്ക പോയിൻ്റ് ടേബിളിൽ മുന്നിലെത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ 38ൽ നിൽക്കേ നായകൻ ടെംബ ബവുമയുടെ (28 പന്തിൽ 24) വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഡികോക്കും വാൻഡർ ദസ്സനും മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 200 റൺസാണ് പ്രോട്ടീസ് ഇന്നിങ്സിൽ കൂട്ടിച്ചേർത്തത്. 40–ാം ഓവറിൽ ഡികോക്കിനെ പുറത്താക്കി ടിം സൗത്തിയാണ് ഈ കുട്ടുകെട്ട് തകർത്തത്.
116 പന്തു നേരിട്ട ഡികോക്ക് 3 സിക്സിന്റേയും 10 ഫോറിന്റേയും അകമ്പടിയോടെയാണ് 114 റൺസ് നേടിയത്. നാലാമനായിറങ്ങിയ ഡേവിഡ് മില്ലർക്കൊപ്പം വാൻഡർ ദസ്സൻ ടീം സ്കോർ 300 കടത്തി. 48–ാം ഓവറിൽ സ്കോർ 316–ൽ നിൽക്കേ വാൻഡർ ദസ്സൻ പുറത്തായി. 118 പന്തുകൾ നേരിട്ട താരം 5 സിക്സും 9 ഫോറും ഉൾപ്പെടെയാണ് 133 റൺസ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിൽ വെടിക്കെട്ടു ബാറ്റിങ്ങുമായി കളംനിറഞ്ഞ മില്ലറുടെ മികവിൽ സ്കോർ 350 കടന്നു.
30 പന്തിൽ 53 റൺസ് നേടിയ മില്ലർ ഇന്നിങ്സ് അവസാനിക്കാൻ ഒരു പന്തുമാത്രം ശേഷിക്കേ പുറത്തായി. അവസാന പന്തിനായി ക്രീസിലെത്തിയ എയ്ഡൻ മാര്‍ക്രം (1 പന്തിൽ 6*) സിക്സർ പറത്തി ഇന്നിങ്സ് അവസാനിപ്പിച്ചു. ഹെയ്ൻറിച്ച് ക്ലാസൻ 7 പന്തിൽ 15 റൺസുമായി പുറത്താകാതെനിന്നു.
ന്യൂസീലൻഡിനായി ടിം സൗത്തി 2 വിക്കറ്റു നേടി. ട്രെന്റ് ബോൾട്ട്, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 167 റണ്‍സെടുത്തപ്പോഴേക്കും മുഴുവന്‍ വിക്കറ്റുകളും വീണു. 60 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സിന് മാത്രമാണ് കിവീസ് നിരയില്‍ പിടിച്ച് നില്‍ക്കാനായത്.
കേശവ് മഹാരാജ് നാലും മാര്‍കോ ജാന്സെന് മൂന്നും വിക്കറ്റുകള്‍ പിഴുതു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം