ഗസ്സ: പലസ്തീനിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ രണ്ടാം ദിനവും ഇസ്രയേൽ വ്യോമാക്രമണം. കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രണ്ടാം ദിനം ആക്രമണം നടക്കുന്നത്. ആക്രമണത്തിന് പിന്നാലെ തകർന്നടിഞ്ഞ ക്യാമ്പിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.
ആക്രമണത്തിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നു. നൂറു കണക്കിനുപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന ആക്രമണത്തിൽ അമ്പതിലേറെപ്പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലത്തെ ആക്രമണത്തിൽ പരുക്കേറ്റ നിരവധി പലസ്തീനികളെയും വിദേശികളേയും റഫ ഇടനാഴി വഴി ഈജിപ്തിലെ ആശുപത്രികളിലെത്തിച്ചുകൊണ്ടിരിക്കെയാണ് ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തിയത്.
ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പുകളിൽ ഒന്നാണ് ജബലിയ. വടക്കൻ ഗാസയിലാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. നേരത്തെ പല തവണ ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണങ്ങൾ അഴിച്ച് വിട്ടിട്ടുണ്ടെങ്കിലും, അതിൽ ഏറ്റവും വലുതും രക്തരൂഷിതവുമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അൻപതോളം പേർ കൊല്ലപ്പെട്ട ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു.
ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ വെള്ളിയാഴ്ച ഇസ്രയേൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിലേക്കുള്ള ആന്റണി ബ്ലിങ്കന്റെ രണ്ടാമത്തെ സന്ദർശനമാണിത്. ഗസ്സയിൽ ഇന്റർനെറ്റും കമ്യൂണിക്കേഷൻ സംവിധാനങ്ങളും വീണ്ടും വിച്ഛേദിപ്പെട്ടതായി പലസ്തീനിയൻ ടെലികമ്യൂണിക്കേഷൻസ് കമ്പനി പാൽടെൽ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം