ഗാസ: ഗാസയിൽ ഏറ്റുമുട്ടൽ രൂക്ഷം. വടക്കൻ ഗസ്സയിലെ പലയിടങ്ങളിലും ഇസ്രായേൽ സേനയും ഹമാസും തമ്മിൽ കനത്ത പോരാട്ടം തുടരുകയാണ്. ഹമാസ് കമാൻഡർ ഉൾപ്പെടെ നിരവധി പേരെ വധിച്ചതായാണ് ഇസ്രായേൽ പറയുന്നത്. മൂന്ന് ഇസ്രായേലി ടാങ്കുകൾ തകർത്തതായി ഹമാസും അവകാശപ്പെട്ടു.
ഗാസ നഗരത്തിൽ വരെ എത്തിയ ഇസ്രായേലി യുദ്ധടാങ്കുകൾ ഹമാസിന്റെ ഭൂഗർഭ അറകൾ ലക്ഷ്യമാക്കി ആക്രമണം നടത്തി. ലെബനോനിൽ ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രം ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒക്ടോബർ ഏഴിന് ഹമാസ് സംഘം തട്ടിക്കൊണ്ട് പോയ ജർമ്മൻ യുവതിയുടെ മൃതദേഹം ഗാസയിൽ ഇസ്രയേൽ സൈന്യം കണ്ടെത്തി.
കരയാക്രമണത്തോടൊപ്പം ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രണവും ശക്തമാണ്. ഓരോ ദിവസവും ഗസ്സയിൽ 420 കുട്ടികൾ കുട്ടികൾ കൊല്ലപ്പെടുന്നുവെന്ന യുനിസെഫ് അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നൂറുക്കണക്കിന് പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെടുക്കാൻ മണ്ണുമാന്തി യന്ത്രമോ ഇന്ധനമോയില്ല. ഭക്ഷണത്തിനും വെള്ളത്തിനുമടക്കം കടുത്ത ക്ഷാമം തുടരുകയാണ്. കടൽവെള്ളം കുടിച്ചാണ് പലരും ജീവൻ നിലനിർത്തുന്നത്. വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ഇന്നും ആവർത്തിച്ചു. ഇപ്പോൾ വെടിനിർത്തുന്നത് ഹമാസിന് കീഴടങ്ങുന്നതിന് തുല്ല്യമാണെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന. അതേസമയം, വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ പിടിച്ചുകൊണ്ടുപോയവരുടെ എണ്ണം 1680 ആയി.
കുഞ്ഞുങ്ങൾ അടക്കം ആയിരങ്ങൾ കുടിവെള്ളം ഇല്ലാതെ മരിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്ന് യൂനിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. അതേസമയം, ഗാസയിൽ നിന്നുള്ള അഭയാർത്ഥികളെ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. അഭയാർത്ഥികളെ സ്വീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം