കൊച്ചി: കളമശേരി സ്ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടി. സംസ്ഥാനത്താകെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു.
കളമശേരി സ്ഫോടനത്തെക്കുറിച്ച് സമൂഹ മാധ്യങ്ങളിൽ വർഗീയ ചുവയോടെ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം സിറ്റിയിൽ മാത്രം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിലും പൊലീസ് സ്വമേധയും കേസുകൾ എടുത്തിട്ടുണ്ട്.
കേസില്‍ കോഴഞ്ചേരി സ്വദേശി റിവ തോളൂർ ഫിലിപ്പിനെ പത്തനംതിട്ട പൊലീസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീശ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. എസ്ഡിപിഐയാണു കളമശേരി ബോംബ് സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു പോസ്റ്റ്.
മതവിദ്വേഷം പടര്‍ത്തുക, കലാപം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ വിശദീകരണവും മാപ്പപേക്ഷയുമായി റിവ തോളൂര്‍ ഫിലിപ്പ് രംഗത്ത് വന്നിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ വർഗീയ പ്രചരണത്തിനെതിരെ ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് ഡിജിപിക്ക് പരാതി നൽകി. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല, ബിജെപി നേതാവ് സന്ദീപ് വാര്യർ, മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ എഡിറ്റർ ഷാജൻ സ്കറിയ, കർമ്മ ന്യൂസ് ഓൺലൈൻ ചാനൽ, ‘കാസ’ സാമൂഹിക മാധ്യമ പേജ് എന്നിവയ്ക്കെതിരെയാണ് പരാതി. നൂറോളം വിദ്വേഷ പോസ്റ്റുകൾ സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം