ഏതൊരു രാജ്യത്തിന്റെയും സാമൂഹിക സാമ്പത്തിക വളര്‍ച്ചയ്ക്കും മനുഷ്യ ക്ഷേമത്തിനും ആ രാജ്യത്തെ വ്യവസായങ്ങളുടെ വികസനം വളരെ നിര്‍ണായകമാണ്. സാമ്പത്തിക വികസനത്തിന് നല്കിയ സംഭാവനയ്ക്ക് പുറമേ, വരുമാനം സൃഷ്ടിക്കുന്നതിനും, ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലായ്മ ചെയ്യുന്നതിനും, പ്രതിശീര്‍ഷ വരുമാനവും ജനങ്ങളുടെ ജീവിത നിലവാരവും വര്‍ദ്ധിപ്പിക്കുന്നതിനും വ്യവസായ മേഖല സഹായിക്കുന്നു. കൃഷിയുടെ ആധുനികവല്കരണം, സംരംഭകത്വം, വളര്‍ച്ച, പ്രതിരോധ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത, അന്തര്‍ദ്ദേശീയ വ്യാപാരത്തിന്റെ വിജയം, പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായി ഉപയോഗം എന്നിവയുമായും വ്യവസായങ്ങളുടെ വളര്‍ച്ച ബന്ധപ്പെട്ടിരിക്കുന്നു. വ്യവസായത്തിന്റെയും, സേവനങ്ങളുടെയും വ്യാപനം, സാമ്പത്തിക വികസനത്തിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
ദശാബ്ദങ്ങളോളം നീണ്ട പ്രചരണമാണ് കേരളം വ്യവസായ സൗഹൃദമല്ല എന്ന പ്രതീതി സൃഷ്ടിക്കുന്നതിനായി കേരള വിരുദ്ധ കേന്ദ്രങ്ങൾ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ വ്യവസായമേഖലയിലെ സുപ്രധാന നേട്ടങ്ങൾ പലതും മറച്ചുവെക്കപ്പെട്ടു. ഈ നേട്ടങ്ങൾ നിരവധിയാവർത്തി ജനങ്ങളോട് പറഞ്ഞാൽ മാത്രമേ അവർക്കുള്ളിൽ വേരിറങ്ങിപ്പോയ വ്യാജനിർമ്മിതി ഇല്ലാതാകുകയുള്ളൂ. ഇപ്പോഴും കേരളത്തിലെന്താണുള്ളത് എന്ന് ചോദിക്കുന്നവർ നമുക്ക് ചുറ്റുമുള്ളപ്പോൾ, കേരളം പല വ്യവസായങ്ങളുടെയും കേന്ദ്രമാണെന്ന് നമുക്ക് അവരെ ഓർമ്മിപ്പിക്കാം.
സ്വപനം തീരമണഞ്ഞു; വിഴിഞ്ഞത്ത് ആദ്യ കപ്പല്‍
“ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ഇത്രയും പിന്തുണ നൽകുന്ന സർക്കാരിനെ വേറെവിടെയും കണ്ടിട്ടില്ല.” കേരളത്തെക്കുറിച്ച് അദാനിയുടെ വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ രാജേഷ് ഝാ, ഈ വർഷം നടന്ന ഇന്ത്യ റ്റുഡേ സൗത്ത് കോൺക്ലേവിൽ പറഞ്ഞ വാക്കുകളാണിത്.
കുതിക്കുന്ന കേരളത്തെ നയിക്കുന്ന പദ്ധതിയായിരിക്കും വിഴിഞ്ഞം തുറമുഖം. അന്താരാഷ്ട്രതലത്തിൽ കപ്പലിലൂടെയുടെ ഗതാഗതവും ചരക്ക് നീക്കവും വർധിച്ചുവരുന്ന കാലത്ത് ആഴമുള്ള കപ്പൽച്ചാലുള്ള വിഴിഞ്ഞം തുറമുഖം കേരളത്തിനുമുന്നിൽ തുറന്നിടുന്നത് അനന്തമായ സാധ്യതകളാണ്. സ്വപ്നം മാത്രമായിരുന്ന ആ സാധ്യതകൾ അനുഭവിച്ചറിഞ്ഞുകൊണ്ട് വിഴിഞ്ഞം പദ്ധതി രാജ്യത്തിനും കേരളത്തിനും ഉണ്ടാക്കുന്ന മാറ്റം നാം കാണും.
രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാവുന്നതോടെ പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണൽ ശേഷിയിൽ സിംഗപ്പൂർ തുറമുഖത്തേക്കാൾ വലുതാണ് വിഴിഞ്ഞം തുറമുഖം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്.
വ്യവസായങ്ങള്‍ക്ക് കുതിപ്പേകാന്‍ കൊച്ചി വിമാനത്താവളത്തില്‍ പുതിയ ഹൈടെക് ഇംപോർട്ട് കാർഗോ ടെർമിനല്‍
കേരളം കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുന്ന ഘട്ടത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് കൊച്ചി വിമാനത്താവളം. പ്രതിവർഷം 2 ലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാൻ സാധിക്കും വിധത്തിൽ പുതിയ ഹൈടെക് ഇംപോർട്ട് കാർഗോ ടെർമിനലാണ് സിയാലിന്റെ പുതിയ സമ്മാനം. ഇതോടെ നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സർക്കാരിൻറെ നയങ്ങൾക്കും ഈ പദ്ധതി കരുത്ത് പകരും.
ആഗോള ടെക് കമ്പനികള്‍ കേരളത്തിലെ ഗ്രാമങ്ങളിലേക്ക്
മെട്രോ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന തൊഴിൽ ഹബ്ബുകളും ഐടി പാർക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണ്. അമേരിക്കൻ അന്താരാഷ്ട്ര ടെക് കമ്പനി നമ്മുടെ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തിൽ പ്രവർത്തനം തുടങ്ങിയെന്നത് സ്റ്റാർട്ടപ്പ് രംഗത്തെ നമ്മുടെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണ്.
കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്കിൽപാർക്കിലാണ് അമേരിക്കൻ കമ്പനിയായ ജിആർ 8 അഫിനിറ്റി പ്രവർത്തനം തുടങ്ങിയത്. ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കമ്പനികൾ തൊഴിൽ അവസരമൊരുക്കി മുന്നോട്ട് വരുന്നത്.
കൊമേഴ്സ് ബിരുദധാരികൾക്ക് തൊഴിൽ അവസരം നൽകുന്ന അമേരിക്കൻ കമ്പനിയാണ് ജിആർ 8 അഫിനിറ്റി സർവീസസ്. വർക്ക് നിയർ ഹോം എന്ന പദ്ധതി പ്രകാരമാണ് എൽ.ഡി.എഫ് സർക്കാർ ഈ മാറ്റത്തിന് വഴിവെട്ടുന്നത്.
ആദ്യ ഘട്ടത്തിൽ 18 പേർക്കാണ് ഇവിടെ ജോലി ലഭിച്ചത്. അസാപിലെ എൻറോൾഡ് ഏജന്റ് കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നാണ് ഉദ്യോഗാത്ഥികളെ തെരഞ്ഞെടുത്തത്. പ്രതിവർഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവർക്ക് തുടക്കത്തിൽ ലഭിക്കുന്ന ശമ്പളം. ഓൺലൈൻ വഴിയാണ് ജോലികൾ ചെയ്യേണ്ടത്. വീടിനടുത്ത് തന്നെ മികച്ച ശമ്പളത്തിൽ വൻകിട കമ്പനികളുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉദ്യോഗാത്ഥികൾ. കേരളത്തിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലേക്കും സർക്കാർ പദ്ധതി വ്യാപിപ്പിക്കും.
ചന്ദ്രയാൻ 3: അഭിമാനത്തോടെ കേരളം
കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ, സിഡ്കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എയ്റോപ്രിസിഷൻ, ബി.എ.ടി.എൽ, കോർട്ടാൻ, കണ്ണൻ ഇൻ്റസ്ട്രീസ്, ഹിൻ്റാൽകോ, പെർഫെക്റ്റ് മെറ്റൽ ഫിനിഷേഴ്സ്, കാർത്തിക സർഫസ് ട്രീറ്റ്മെൻ്റ്, ജോജോ ഇൻ്റസ്ട്രീസ്, വജ്ര റബ്ബർ, ആനന്ദ് ടെക്നോളജീസ്, സിവാസു, റെയെൻ ഇൻ്റർനാഷണൽ, ജോസിത് എയർസ്പേസ്, പി.എം.എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നു.
ആദിത്യയ്ക്ക് കരുത്തായി കേരളവും; പങ്കാളികള്‍ ആയത് 4 പൊതുമേഖലാ സ്ഥാപനങ്ങൾ
കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
PSLV സി 57 ആദിത്യ എൽ1 മിഷന്റെ ഭാഗമായി PSLV റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്സ് മോഡലുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്.
ആദിത്യ എൽ1 വിക്ഷേപണ വാഹനമായ PSLVയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ്.ഐ.എഫ്.എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്സ്, 15CDV6 ഡോം ഫോർജിംഗ്സ് എന്നിവയ്ക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിംഗുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്.ഐ.എഫ്.എൽ. തദ്ദേശീയമായി വികസിപ്പിച്ചതാണ്.
പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ടി.സി.സിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിനു ആവശ്യമായ വിവിധതരം ഘടകങ്ങൾ വിതരണം ചെയ്തിരിക്കുന്നതും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണ്.
ഗഗൻയാൻ മിഷന് പിന്നിലും
കെൽട്രോൺ നിർമ്മിച്ചു നൽകിയ 44 ഏവിയോണിക്സ്, ഇൻറർഫേസ് മോഡ്യൂളുകളാണ് ഗഗൻയാൻ പദ്ധതിയിൽ ഉപയോഗിച്ചത്. തിരുവനന്തപുരം മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സും കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സുമാണ് ഈ അഭിമാന പദ്ധതിയിൽ ഭാഗമായിട്ടുള്ളത്. ഇത് കൂടാതെ വിവിധ തരം ഇലക്ട്രോണിക്സ് മോഡ്യൂളുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്.
ISRO യുടെ വിവിധ ഗുണപരിശോധന മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള അസംബ്ലിങ് ആൻഡ് ഫാബ്രിക്കേഷൻ പ്രോസസ്സുകൾ കൃത്യമായി പരിപാലിച്ചാണ് കെൽട്രോൺ ഈ സുപ്രധാന മിഷനിൽ ഭാഗമായിട്ടുള്ളത്. സ്പേസ് ഇലക്ട്രോണിക്സ് മേഖലയിൽ ഐ എസ് ആർ ഒ യുടെ വിവിധ സെൻററുകളായ വി എസ് എസ് സി, എൽ പി എസ് സി, ഐ ഐ എസ് യു, യു ആർ എസ് സി ബാംഗ്ലൂർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വർഷമായി കെൽട്രോൺ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
തോട്ട വിളകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കേരള ബ്രാന്‍ഡില്‍
ഇന്ത്യയില്‍ ആദ്യമായി പ്ലാന്റേഷന് ഡയറേക്ടറേറ്റ് രൂപീകരിച്ചതും അതിനെ വ്യവസായമായി പ്രഖ്യാപിച്ചതും കേരളമാണ്. പ്ലാന്റേഷന് അല്ലാത്ത പത്ത് ഏക്കര്‍ ഭൂമി ചെറുകിട കര്‍ഷകര്‍ കണ്ടെത്തിയാല്‍ ഇന്ത്യയിൽ ആദ്യമായി ഫ്രൂട്ട് പാര്‍ക്ക് തുടങ്ങാനുള്ള അനുമതി നല്‍കും. ഫ്രൂട്ട് പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി മൂന്ന് കോടി രൂപ ഗ്രാന്റായി വ്യവസായ വകുപ്പ് അനുവദിക്കുകയും ചെയ്യും.
തോട്ടം മേഖലയുമായി ബന്ധപ്പെട്ട ലയങ്ങളുടെ പുനദ്ധാരണത്തിനായി കര്‍ഷകര്‍ക്ക് ചെലവാകുന്ന വായ്പാ തുകയുടെ പലിശ വ്യവസായ വകുപ്പ് റീ ഇംബേഴ്സ് ചെയ്യും.
തോട്ടങ്ങളോട് ചേര്‍ന്ന് പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ഫാം ടൂറിസം സാധ്യമാകും. തോട്ടവിളകളോട് ചേര്‍ന്ന് ഫലവൃക്ഷങ്ങള്‍ കൃഷിചെയ്യുന്നതുമായി ബന്ധപ്പെട്ട് ശില്പശാലകള് സംഘടിപ്പിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തെ ആകെ പ്ലാന്റേഷന്റെ 48 ശതമാനവും കേരളത്തിലാണ്.
ലോക വിപണിയില്‍ ശ്രദ്ധിക്കപ്പെട്ട മരിയൻ അപ്പാരൽസ്
ഇസ്രയേൽ പോലീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് മരിയൻ അപ്പാരൽസ് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പും നൽകിയിട്ടുണ്ട്.
യഥാർത്ഥത്തിൽ, ലോകമാകെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാപനം കേരളത്തിലുണ്ടെന്നത് ഇവിടെ ചർച്ചാ വിഷയമായത് ഇപ്പോഴാണെന്നതാണ് കൗതുകം. ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്കുന്നുണ്ടായിരുന്നു. പൂര്‍ണമായും എക്സ്പോര്‍ട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന് ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.
മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നൽകുന്ന കമ്പനി 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ടീമും മരിയന്‍ അപ്പാരലിൽ ഉണ്ട്.
ഇന്ന് 1,500ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 95 ശതമാനം ജീവനക്കാരും വനിതകളാണ്. മികച്ച ടീം വര്‍ക്കിലൂടെ രാജ്യാന്തര നിലവാരത്തില്‍ ഉല്‍പ്പാദനം സാധ്യമാകുന്നു. യൂണിഫോമുകളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കൊണ്ട് ഫാഷന്‍ മാറുന്നതനുസരിച്ച് ഉല്‍പ്പാദനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല എന്നതിനാല്‍ കമ്പനിയുടെ വരുമാനത്തെ ബാധിക്കുന്നില്ല. 50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡില്‍ ഈസ്റ്റിലെ പല സ്കൂളുകള്‍ക്കും യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയും മരിയൻ ഉൽപാദിപ്പിക്കുന്നു.
സംസ്ഥാനത്തെ ആദ്യ സ്പൈസ് പാർക്ക് ഇടുക്കി തൊടുപുഴയില്‍
ഇടുക്കിയെ മിടുക്കിയാക്കണമെങ്കിൽ വ്യവസായങ്ങൾ കടന്നുവരേണ്ടതുണ്ടെന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ട് കിൻഫ്ര സ്പൈസസ് പാർക്ക് എന്ന ആശയം ഉടലെടുക്കുന്നത് ഇവിടെനിന്നാണ്. വ്യവസായ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തിനൊപ്പം ഇടുക്കിയും കുതിക്കുകയാണ്.
കേരള സ്റ്റാർട്ടപ്പ് സംരംഭങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം
കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളെത്തേടി തുടരെത്തുടരെ അന്താരാഷ്ട്ര അംഗീകാരങ്ങളെത്തുന്നു എന്നത് അഭിമാനകരമാണ്.
യൂണിസെഫ് ക്ലൈമറ്റ് ടെക് കൊഹോര്‍ട്ട് വെഞ്ച്വര്‍ ഫണ്ട് പ്രോജക്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ സംരംഭമെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇക്വിനോക്ട്.
72 രാജ്യങ്ങളിൽ നിന്ന് കണ്ടെത്തിയ 400 സ്റ്റാർട്ടപ്പുകളിൽ 7 എണ്ണം മാത്രമാണ് യൂണിസെഫ് ഫണ്ട് നേടിയത്. നിലവില്‍ പ്രളയ മുന്നറിയിപ്പ് ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന സേവനങ്ങളാണ് ഇക്വിനോക്ട് നൽകുന്നത്.
കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത കാർഷികാധിഷ്ഠിത സ്റ്റാർട്ടപ്പുകളായ uFarms.io, ഫ്യൂസ്ലേജ് ഇന്നൊവേഷൻസ് എന്നിവ ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകളുടെ ഉപയോഗം എന്നിവയിലൂടെ കാർഷിക പ്രവർത്തനങ്ങളെ ആധുനികമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് അന്തർദേശീയ അംഗീകാരത്തിന് അർഹമായിരിക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച 20 കാർഷിക ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ ഒന്നായി അംഗീകരിക്കപ്പെട്ട ഫ്യൂസ്ലേജ് ഇന്നൊവേഷൻസ് ‘അഗ്രിടെക് 4 ഉസ്ബെക്കിസ്ഥാൻ ഇന്നൊവേഷൻ ചലഞ്ചി’ൽ പങ്കെടുക്കാൻ തെരഞ്ഞടുക്കപ്പെട്ടു. മറ്റൊരു മികവുറ്റ സ്റ്റാർട്ടപ്പായ uFarms.io ക്കാകട്ടെ, യുകെ സ്റ്റാർട്ടപ്പ് ‘വിസ’യാണ് നേട്ടമായി ചൂണ്ടിക്കാട്ടാൻ ഉള്ളത്.
കൊച്ചി ഇനി ഐബിഎമ്മിന്റെ ഇന്ത്യയിലെ മേജര്‍ ഡെവലപ്മെന്റ് ഹബ്
കൊച്ചിയിലെ ഐബിഎം സോഫ്റ്റ്വെയർ ലാബിനെ ഇന്ത്യയിലെ പ്രധാന ഡെവലപ്മെന്റ് സെന്ററാക്കുമെന്ന് ഐബിഎം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ പറഞ്ഞിരുന്നു. ഐബിഎമ്മിന്റെ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമാകുമ്പോഴാണ് കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഐബിഎം ഒരുങ്ങുന്നത്. ഇതിനൊപ്പം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം നീണ്ടു നില്ക്കുന്ന മുഴുവന്‍ സമയ പ്രതിഫലം ലഭിക്കുന്ന ഇന്റേണ്‍ഷിപ്പ് നല്‍കാനും ഐബിഎമ്മുമായി ധാരണയായിട്ടുണ്ട്. ഇതു വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലയളവില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന പരിചയം ലഭിക്കാന്‍ പോവുകയാണ്.
കൊച്ചിയിലെ ഐബിഎം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ ഐബിഎമ്മിന്റെ സോഫ്റ്റ്വെയർ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്പനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വർധിക്കുകയാണ്. ഇന്ന് ലോകത്തെ എണ്ണം പറഞ്ഞ ചില കമ്പനികൾ ഉപയോഗിക്കുന്ന പല എഐ, ഡാറ്റാ സോഫ്റ്റ്വെയറുകളും കേരളത്തില്‍ വികസിപ്പിച്ചെടുത്തതാണെന്ന ദിനേശ് നിർമ്മലിന്റെ വാക്കുകൾ മലയാളികൾക്കാകെ അഭിമാനിക്കാനുള്ളൊരു കാര്യമാണ്.
പ്രതിവർഷം കേരളത്തില്‍ നിന്ന് 200 മുതല്‍ 300 പേരെ ഐബിഎം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ 300 വിദ്യാര്‍ത്ഥികളെ ഇന്റേണ്‍ഷിപ്പിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ്.
സംസ്ഥാനത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഐബിഎം ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്റ്റ്വെയര് ലാബ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടങ്ങിയ ലാബ് ഒരു വര്‍ഷം കൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും പ്രധാന സോഫ്റ്റ്വെയർ വികസന കേന്ദ്രമായി കൊച്ചി മാറി. നിലവില്‍ 1500ല്‍പരം ജീവനക്കാരാണ് കൊച്ചി ലാബില്‍ ജോലി ചെയ്യുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വലിയ ഓഫീസ് സമുച്ചയത്തിലേക്ക് ഐബിഎം മാറാനൊരുങ്ങുകയാണ്.
ഗുജറാത്തും കർണാടകയും വേണ്ട, കേരളം മതി; 40 കോടിയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള സുപ്രീം ഡെകോർ
40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ.
ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് മാനുഫാക്ചറിങ്ങ് യൂണിറ്റ് മഹാരാഷ്ട്ര സ്വദേശി വിജയ് അഗർവാളും സഹോദരൻ അജയ് അഗർവാളും ചേർന്നാണ് പൂനെയിൽ ആരംഭിക്കുന്നത്. മികച്ച പ്രവർത്തനം സാധ്യമായതോടെ ഈ യൂണിറ്റ് വിപുലീകരിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ഗുജറാത്തോ കർണാടകയോ ലക്ഷ്യസ്ഥാനമായി കാണുകയും ചെയ്തു.
എന്നാൽ കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞതിന് ശേഷം കേരളത്തിൽ യൂണിറ്റ് ആരംഭിക്കാമെന്ന് ഉടമകൾ തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഒരുലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടമാണ് സുപ്രീം ഡെകോർ അനന്തപുരം വ്യവസായ പാർക്കിൽ നിർമ്മിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ 5 ഏക്കർ ഭൂമിയാണ് സുപ്രീം ഡെകോറിനായി അനുവദിച്ചിരുന്നത്. ഈ സ്ഥലത്ത് വളരെ വേഗത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയും പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തതോടെയാണ് കാസർഗോഡിന് മുതൽക്കൂട്ടാകുന്ന സംരംഭത്തിന് 5 ഏക്കർ കൂടി ഭൂമി വീണ്ടും അനുവദിച്ചത്. പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ 40 കോടി രൂപയുടെ നിക്ഷേപവും പ്രത്യക്ഷത്തിൽ 350 പേർക്കും പരോക്ഷമായി 400 പേർക്കും തൊഴിൽ ലഭ്യമാക്കുന്ന ഈ മാനുഫാക്ചറിങ്ങ് യൂണിറ്റ് കാസർഗോഡിൽ കഴിഞ്ഞ ദിവസം ആരംഭിച്ച 13 വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്. ഉന്നത നിലവാരത്തിലുള്ള പാർട്ടിക്കിൾ ബോർഡുകൾ ലഭ്യമാകുന്നതോടെ ഓഫീസ് ടേബിൾ, കിച്ചൺ ക്യാബിനറ്റുകൾ തുടങ്ങിയവ നിർമ്മിച്ചു നൽകുന്ന മറ്റ് വ്യവസായങ്ങളും കേരളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു വര്‍ഷംകൊണ്ട് നൂതന മേഖലകളില്‍ നിക്ഷേപ പെരുമഴ
രാജ്യത്തെ വ്യോമയാന-പ്രതിരോധ മേഖലയിലെ വ്യവസായങ്ങളുടെ ഹബ്ബാകാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് മികച്ച പ്രോത്സാഹനം ലഭിച്ച വർഷമാണ് 2023. വ്യോമയാന രംഗത്തെ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ യൂണിറ്റ് ആരംഭിച്ചു. റഷ്യയുമായി പ്രതിരോധമേഖലയിൽ ബന്ധം സ്ഥാപിക്കുന്നതിന് സഹായകമാകുന്ന സംയുക്ത സംരംഭവും കേരളത്തിൽ ആരംഭിച്ചു. കെൽട്രോണും ക്രാസ്നി ഡിഫൻസ് ടെക്നോളജീസും ചേർന്ന് രൂപീകരിച്ചിരിക്കുന്ന സംരംഭം വളരെ പ്രധാനപ്പെട്ട ചില കരാറുകൾ നേടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ പോർഷെ, ബി.എം.ഡബ്ല്യു, ഔഡി തുടങ്ങിയ ആഗോള വാഹനഭീമന്മാരുടെ കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹനങ്ങളുടെ മേഖലയിൽ സാങ്കേതികവിദ്യാ ദാതാവ് കൂടിയായ ഡി-സ്പേസ് ലോകത്തിലെ തന്നെ മൂന്നാമത്തെ സെൻ്റർ ഓഫ് എക്സലൻസ് കേരളത്തിൽ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. കൺസൽട്ടൻസി രംഗത്തും നാം വലിയ നേട്ടങ്ങൾ കൈവരിക്കുകയാണ്. ആഗോളതലത്തിൽ തന്നെ പ്രമുഖ കൺസൽട്ടൻസി കമ്പനിയായ TNP കൺസൽട്ടൻ്റ്സ് ഗ്രൂപ്പ് ഈ വർഷം തന്നെ കേരളത്തിൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.കേവലമൊരു യൂണിറ്റ് എന്നതിനപ്പുറം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേയും ഇന്ത്യയിലേയും പ്രവർത്തനങ്ങളുടെ ഓപ്പറേഷണൽ ഹെഡ് ക്വാർട്ടേഴ്സ് കേരളത്തിൽ സ്ഥാപിക്കാനാണ് ടി എൻ പി ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. നീറ്റാ ജലാറ്റിൻ കൂടുതൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയത് കഴിഞ്ഞ ദിവസമാണ്. കമ്പനിയുടെ ചെയർമാൻ കേരളത്തിൽ നേരിട്ടെത്തിയാണ് ചർച്ചകളിൽ പങ്കെടുത്തത്.
ഇലക്ട്രിക് വെഹിക്കിൾ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ(കെ.എ.എൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലിറക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണക്കമ്പനി ലോഡ്സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു കെ.എ.എൽ മട്ടന്നൂർ കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന ഇലക്ട്രിക് ടൂവീലർ നിർമാണ യൂണിറ്റിന്റെ കരാർ ഒപ്പുവച്ചു. ഇ.വി രംഗത്ത് കേരളത്തിൻ്റെ യശസ്സുയർത്തിക്കൊണ്ട് തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ്. കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യമാണിതിന് നേതൃത്വം നൽകിയത്.
ഇങ്ങനെ നൂതന വ്യവസായ മേഖലയിൽ ഉജ്വലമായ നേട്ടം കൈവരിച്ചുകൊണ്ടാണ് കേരളം മുന്നോട്ടുപോകുന്നത്. കേരളത്തിലേക്ക് ആര് വരുമെന്ന ചോദ്യം മാറിയിരിക്കുന്നു. ഇന്ന് കേരളത്തിലേക്ക് വരാൻ ആരാണ് ആഗ്രഹിക്കാത്തത് എന്നതാണ് ചോദ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം