തിരുവനന്തപുരം: കളമശേരി സ്ഫോടന സംഭവത്തിൽ ഒരു കേന്ദ്രമന്ത്രി വർഗീയ നിലപാട് സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ വീക്ഷണത്തോടെ കേന്ദ്രമന്ത്രി സമീപനം സ്വീകരിച്ചെന്നും ഇതിന്റെ ചുവടു പിടിച്ച് ഇദ്ദേഹത്തിന്റെ കൂടെയുള്ള പലരും ഇത് ഏറ്റുപറയുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വിഷയത്തിൽ മാധ്യമങ്ങൾ നല്ല സമീപനം സ്വീകരിച്ചു. എന്നാൽ എപ്പോഴും വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കും. ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി വർഗീയ നിലപാടു സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാകില്ല. കേരളം അതിനൊപ്പം നിൽക്കില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പേരുപറയാതെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ഹമാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ വർഗീയ പ്രസ്താവന ഇറക്കിയത്. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണം കൂടിയാണ് കളമശ്ശേരിയിൽ ഇന്ന് കണ്ടതെന്നും കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരേ പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ട്വീറ്റ്.
ആക്രമണത്തിന് പ്രത്യേക മാനം നൽകാനുള്ള ശ്രമമാണ് കേന്ദ്രമന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നടത്തിയതെന്നും ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നവർക്ക് എതിരെ കർക്കശ നടപടി എടുക്കുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. മാധ്യമങ്ങൾ നല്ല സമീപനം സ്വീകരിച്ചു. മാധ്യമങ്ങളുടെ പ്രതികരണം സ്വാഗതാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കളമശേരി സ്ഫോടനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 20 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. കൊച്ചി ഡിസിപിക്കാണ് മുഖ്യ അന്വേഷണ ചുമതല. എഡിജിപി (ക്രമസമാധാനം) മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം