ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; നിലവിലെ ചാമ്പ്യൻമാർ സെമി കാണാതെ പുറത്തേക്ക്

 

ലഖ്‌നൗ: ബൗളര്‍മാര്‍ വീണ്ടും മികവിലേക്കുയര്‍ന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിക്കരികില്‍. 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറില്‍ 129 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. തോൽവിയോടെ ഇംഗ്ലണ്ട് ലോകകപ്പിൽ നിന്ന് പുറത്തായി.  

ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ജയമാണിത്. ഇതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികള്‍ ബാക്കിനില്‍ക്കേ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് മത്സരങ്ങളില്‍ ഒന്ന് ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും.

ഇന്ത്യ ഉയർത്തിയ 230 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 34.5 ഓവറിൽ 129 റൺസെടുക്കാനെ ആയുള്ളൂ. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ മൂന്നും കുൽദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.

   
മത്സരത്തില്‍ തുടക്കത്തിലെ 4.4 ഓവറുകള്‍ മാത്രമാണ് ഇംഗ്ലണ്ട് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയത്. പിന്നാലെ അഞ്ചാം പന്തില്‍ ഡേവിഡ് മലാനെ (16) വീഴ്ത്തി ബുംറ വിക്കറ്റ് വേട്ടയ്ക്ക് തിരിതെളിച്ചു. തൊട്ടടുത്ത പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ജോ റൂട്ടും (0) പുറത്തേക്ക്.

തുടര്‍ന്ന് എട്ടാം ഓവറില്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ (0) കുറ്റിതെറിപ്പിച്ച് മുഹമ്മദ് ഷമിയും വേട്ടയില്‍ പങ്കാളിയായി. 10-ാം ഓവറില്‍ തിരിച്ചെത്തിയ ഷമി ജോണി ബെയര്‍സ്‌റ്റോയേയും (14) മടക്കി. 16-ാം ഓവറില്‍ നന്നായി ടേണ്‍ ചെയ്ത ഒരു പന്തില്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറെ (10) മടക്കി കുല്‍ദീപ് യാദവും വരവറിയിച്ചു. പിന്നാലെ നിലയുറപ്പിക്കാന്‍ ശ്രമിച്ച മോയിന്‍ അലിയെ (15) രാഹുലിന്റെ കൈയിലെത്തിച്ച് ഷമി തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.

ക്രിസ് വോക്‌സിന്റെ ഊഴമായിരുന്നു അടുത്തത്. 20 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത വോക്‌സിനെ ജഡേജയുടെ പന്തില്‍ രാഹുല്‍ സ്റ്റമ്പ് ചെയ്തു. സ്‌കോര്‍ മൂന്നക്കത്തിലെത്തും മുമ്പ് ലിയാം ലിവിങ്സ്റ്റണിനെ മടക്കി കുല്‍ദീപ് ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും കെടുത്തി. 46 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

വാലറ്റത്ത് ആദില്‍ റഷീദ് (13), ഡേവിഡ് വില്ലി (16*) എന്നിവരുടെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ 120 കടത്തിയത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സെടുത്തത്. രോഹിത് ശർമ്മയുടെയും കെ.എൽ. രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും പ്രകടനമാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. 101 പന്തിൽ നിന്ന് 87 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ്‌സ്കോറർ. ഇതിൽ മൂന്ന് സിക്സറുകളും പത്തു ഫോറും ഉൾപ്പെടുന്നു. ഒരു ഘട്ടത്തിൽ 11.5 ഓവറിൽ മൂന്നിന് 40 റൺസെന്ന നിലയിലാ.രുന്നു ഇന്ത്യ. 91 റൺസ് കൂട്ടിച്ചേർത്ത രോഹിത്- രാഹുൽ കൂട്ടികെട്ടാണ് ഇന്ത്യക്ക് താരതമ്യേന മികച്ച സ്കോർ നൽകിയത്. രാഹുലിനെ മടക്കി ഡേവിഡ് വില്ലിയാണ് ഈ കെട്ടുകെട്ട് പൊളിച്ചത്.

ഓപ്പണർ ശുഭ്‌മാൻ ഗിൽ,​ വിരാട് കൊഹ്ലി,​ ശ്രേയസ് അയ്യർ എന്നിവരാണ് നേരത്തെ പുറത്തായത് എട്ടു റൺസെടുത്ത് ജഡ‌േജയും ഒരു റൺസെടുത്ത് മുഹമ്മദ് ഷമിയും പുറത്തായി.  

ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നും വോക്സും റഷീദും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം